09 May 2024 Thursday

ചാലിശ്ശേരി ഗ്രാമമുത്തശ്ശി വള്ളിക്കുട്ടിയമ്മ യാത്രയായി.

ckmnews

ചാലിശ്ശേരി ഗ്രാമമുത്തശ്ശി

വള്ളിക്കുട്ടിയമ്മ യാത്രയായി.


ചങ്ങരംകുളം :ചാലിശ്ശേരി ഗ്രാമത്തിൻ്റെ വലിയ മുത്തശ്ശി നൂറ്റിയഞ്ച് വയസ്സായ  കുന്നത്ത് പരേതനായ അയ്യപ്പൻ ഭാര്യ വള്ളിക്കുട്ടിയുടെ  മരണം നാടിന് നൊമ്പരമായി.വാർദ്ധക്യസഹജമായി വിശ്രമത്തിലിരികെ ആരെയും വേദനിപ്പിക്കാതെയാണ് വലിയ മുത്തശ്ശി യാത്രയായത്.ഒരു നൂറ്റാണ്ടിനപ്പുറം നാടിൻ്റെ ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് അഞ്ച് തലമുറകളെ കാണാൻ ഭാഗ്യം ലഭിച്ചു.സംസ്ഥാന രൂപീകരണം മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ മുടക്കംകൂടാതെ വോട്ട് ചെയ്യണമെന്നത് മുത്തശ്ശിക്ക് നിർബന്ധമായിരുന്നു.  കഴിഞ്ഞ വർഷം കോവിഡിനെ തോൽപ്പിച്ച് സുഖ പ്രാപിച്ച്  മടങ്ങിയെത്തിയത് ആരോഗ്യ വകുപ്പിന് അഭിമാനമായിരുന്നു. തുടർന്ന് വിശ്രമിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരി പാട് ചാലിശ്ശേരിയിൽ വരുമ്പോൾ കഞ്ഞിയും ചുട്ടപപ്പടവുമെല്ലാം കൂട്ടി ഭക്ഷണം നൽകുവാനും മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാം ക്ലാസ്സ് വരെ പഠിച്ച വള്ളിക്കുട്ടി പതിമൂന്നാം വയസ്സിൽ വിവാഹിതനായി.ഭർത്താവ് അയ്യപ്പൻ നേരത്തെ മരണപ്പെട്ടു. ഗ്രാമത്തിലെ പഴയ തലമുറകളിലെ എല്ലാ കുടുംബങ്ങളെയും ഓർത്തെടുക്കുവാനും അവരുടെ പേരുകൾ പറയുവാനും   മുത്തശ്ശിക്ക് കഴിയുമായിരുന്നു.നൂറാം പിറന്നാൾ ഗ്രാമവാസികൾ  അതിഗംഭീരമായി ആഘോഷിച്ചിരുന്നു. പടിഞ്ഞാറെമുക്ക് ദേശക്കാരുടെ അച്ചമ്മ വിടപറഞ്ഞത് ഗ്രാമത്തിന് തീരാവേദനയായി.


ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ വി.പി.റെജീന , വൈസ് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി ,മുൻ എം.എൽ.എ ടി.പി കുഞ്ഞുണ്ണി , പഞ്ചായത്ത് പ്രസിഡൻ്റ് എ വി സന്ധ്യ , മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ അക്ബർ ഫൈസൽ ,ടി.എം.കുഞ്ഞുകുട്ടൻ ,പഞ്ചായത്തംഗങ്ങൾ , യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.ജെക്കബ് കക്കാട്ട് ,ട്രസ്റ്റി സി.യു ശലമോൻ , ജിസിസി ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് ,വൈസ് പ്രസിഡൻറ് മണികണ്ഠൻ സി.വി എന്നിവർ അനുശോചിച്ചു. സംസ്ക്കാരം പള്ളം  ശാന്തിതീരത്ത് നടത്തി.മക്കൾ :മാധവൻ ,കുട്ടികൃഷ്ണൻ (രണ്ടു പേരും പരേതർ) 

 കുഞ്ഞുമോൾ ,ദേവു