09 May 2024 Thursday

'ആയിരത്തൊന്ന് നുണകളു'മായി ചങ്ങരംകുളം സ്വദേശി താമറും ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദും യുഎഇയിലെ കലാകാരന്മാർക്ക് അവസരം

ckmnews

'ആയിരത്തൊന്ന് നുണകളു'മായി ചങ്ങരംകുളം സ്വദേശി  താമറും ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദും


യുഎഇയിലെ കലാകാരന്മാർക്ക് അവസരം


ദുബായ് ∙ ദേശീയ അവാർഡ് ജേതാവും സംവിധായകനുമായ സലീം അഹമ്മദ് അലൻസ് മീഡിയയുടെ ബാനറിൽ അവതരിപ്പിക്കുന്ന 'ആയിരത്തൊന്ന് നുണകൾ' എന്ന മലയാള സിനിമയ്ക്ക് ദുബായിൽ തുടക്കം കുറിച്ചു. ഒട്ടേറെ ഹ്രസ്വ-പരസ്യ ചിത്രങ്ങളിലൂടെ ശ്രേദ്ധേയനായ നവാഗത സംവിധായകനും ചങ്ങരംകുളം ചേലക്കടവ് സ്വദേശിയുമായ കെ.വി. താമർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പൂർണമായും യുഎഇയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം 2022 ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 


അലൻസ് മീഡിയ മുൻപ് നിർമിച്ച നാല് സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് സംവിധായകൻ സലീം അഹമ്മദ് ആയിരുന്നു. ആദ്യമായാണ് പുറത്ത് നിന്നൊരാൾ അലൻസ് മീഡിയ ബാനറിൽ സിനിമ ഒരുക്കുന്നത് എന്നും യുഎഇയിലെ  ഒട്ടേറെ പ്രതിഭകൾക്ക് അവസരം നൽകുമെന്നും സലീം അഹമ്മദ്  പറഞ്ഞു. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഇവരെ ഒഡീഷനിലൂടെ തിരഞ്ഞെടുക്കും. യുഎഇ യിലെ അഭിനേതാക്കൾക്കാണ് അവസരം. പത്തു ദിവസം നീണ്ടു നിൽക്കുന്ന അഭിനയ പരിശീലന കളരി ചിത്രത്തിന് മുന്നോടിയായി നടക്കും, ആക്ടിങ് വർക്ക്ഷോപ്പിൽ മികവ് തെളിയിക്കുന്ന 14 വനിതകൾക്കും പുരുഷന്മാർക്കുമായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിക്കുക.


യുഎഇയിലെ കഴിവുള്ള പുതുമുഖങ്ങൾക്ക് തങ്ങളുടെ സിനിമയിൽ അവസരം നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രവാസികളും ചിത്രത്തിന്റെ സഹ നിർമാതാക്കളുമായ അഡ്വ. ടി. കെ. ഹാഷികും ടി.പി.  സുധീഷും അറിയിച്ചു. അഭിനയിക്കാൻ താല്പര്യമുള്ള യുഎഇയിലെ 30 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീ –പുരുഷ  കലാകാരന്മാർ തങ്ങളുടെ ഫോട്ടോയും പ്രൊഫൈലും  1001nunakal@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ അയക്കണം. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും മറ്റും വിവരങ്ങൾ പുറത്തുവിടുമെന്ന് സഹസംവിധായകൻ ഹാഷിം സുലൈമാൻ പറഞ്ഞു.