26 April 2024 Friday

കൊറോണ: ഏഴാം ക്ലാസ് വരെ അവധി ,പരീക്ഷകൾ ഉണ്ടാവില്ല ; 8,9 പരീക്ഷകൾക്ക് മാറ്റമില്ല

ckmnews

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. 7-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷ നടത്തണോ എന്ന് ആലോചിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ യോഗം ഉച്ചയ്ക്കു ശേഷം നടക്കും. 


പൊതുപരിപാടികൾക്ക് സംസ്ഥാനമാകെ നിയന്ത്രണമേർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. പരമാവധി ഉത്സവങ്ങളും ആഘോങ്ങളും കുറയ്ക്കാൻ നിർദേശം നൽകും. ശബരിമല തീർഥാടകർക്കും നിയന്ത്രണമേർപ്പെടുത്തും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.


ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷ ഉപേക്ഷിക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായമുയർന്നിരുന്നു. ചെറിയ കുട്ടികളെ കൊണ്ട് നിയന്ത്രണങ്ങള്‍ അനുസരിപ്പിക്കുക എളുപ്പമല്ല. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. ഒപ്പം എല്ലാ സ്കളൂകളിലും മാസ്ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കണം. പരീക്ഷക്കു മുന്‍പ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാ ക്ലാസിലും വായിച്ചു കേള്‍പ്പിക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.