27 April 2024 Saturday

കാത്തിരിപ്പിന് വിരാമമാകുന്നു എടപ്പാൾ മേൽപാലം മിനുക്കുപണിയില്‍:അടുത്തമാസം തുറക്കും

ckmnews

കാത്തിരിപ്പിന് വിരാമമാകുന്നു എടപ്പാൾ മേൽപാലം മിനുക്കുപണിയില്‍:അടുത്തമാസം തുറക്കും


ജില്ലയിൽ ടൗണിന് കുറുകെയുള്ള പ്രഥമ മേൽപാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ എടപ്പാളിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. വാഹന ബാഹുല്യംമൂലം തൃശൂർ – കോഴിക്കോട് റൂട്ടിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് എടപ്പാളിൽ ഏറെ നേരം കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു. ആംബുലൻസുകൾ ഉൾപ്പെടെ കുരുങ്ങിക്കിടക്കുന്ന സ്ഥിതിക്ക് പാലം തുറക്കുന്നതോടെ പരിഹാരമാകും.


2019 ഫെബ്രുവരി ഒന്നിന് ആണ് കരാർ കമ്പനിക്ക് നിർമാണ ചുമതല കൈമാറിയത്. 18 മാസമായിരുന്നു കാലാവധി. ഇതുപ്രകാരം 2020 ജൂലൈ 30ന് പ്രവൃത്തികൾ പൂർത്തീകരിക്കണമെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടു. പാലത്തിന് മുകളിലെയും താഴ്‌ഭാഗത്തെയും ടാറിങ് ജോലികൾ അവശേഷിക്കുന്നുണ്ട്. പാലത്തിന് താഴെ പൂട്ടുകട്ട വിരിച്ച് നവീകരിക്കുന്ന ജോലികളും പെയിന്റിങ്, നടപ്പാത – ശുചിമുറികൾ നിർമിക്കൽ, വഴിവിളക്കുകൾ സ്ഥാപിക്കൽ, കുറ്റിപ്പുറം റോഡിലെ വൈദ്യുത കാലുകൾ, ജല അതോറിറ്റി പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കൽ ജോലികളും അവശേഷിക്കുന്നു.


വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. പാലം നിർമാണത്തിന്റെ ഭാഗമായി വ്യാപാരികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. പാലം യാഥാർഥ്യമാകുന്നതോടെ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. നവംബർ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും.


ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പാലം നിർമാണം യാഥാർഥ്യമാകാൻ കാത്തിരിക്കേണ്ടി വന്നത് 32 മാസം. ആദ്യഘട്ടത്തിൽ നിർമാണം വേഗത്തിൽ പുരോഗമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പിന്നീട് വേഗം കുറഞ്ഞു. കുറ്റിപ്പുറം റോഡിലെ വൈദ്യുത തൂണുകൾ മാറ്റാൻ കാലതാമസം നേരിട്ടതായിരുന്നു ആദ്യത്തേത്. പിന്നീട് പൈലിങ് ആരംഭിച്ചെങ്കിലും ഈ റോഡിൽ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ കൂറ്റൻ പാറക്കല്ലുകൾ കണ്ടത് തിരിച്ചടിയായി.


ആഴത്തിൽ കുഴിയെടുത്ത് ഇവ പുറത്തെടുക്കാൻ മാസങ്ങൾ വേണ്ടിവന്നു. പരിമിതമായ സ്ഥലത്ത് കൂറ്റൻ ക്രെയിനുകളും മറ്റും നിർത്തി ജോലി ചെയ്യേണ്ടി വന്നതും പ്രതിസന്ധിയായി. ജോലികൾ പുരോഗമിക്കുന്നതിനിടെ എത്തിയ കോവിഡ് പ്രതിസന്ധിയും വില്ലനായി. മറ്റു സംസ്ഥാനക്കാരായ ജോലിക്കാർ നാട്ടിലേക്ക് മടങ്ങിയതോടെ നിർമാണം നിലച്ചു. മഴയും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും മറ്റൊരു തിരിച്ചടിയായി. 


ടൗണിലെ വ്യാപാരികളും ഇതുവഴി സഞ്ചരിക്കുന്നവരും ഇതോടെ ഏറെ ദുരിതം സഹിച്ചു. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പരിമിതമായ സ്ഥലം മാത്രമായത് ഗതാഗതക്കുരുക്കിനും ഇടയാക്കി. പൊടിശല്യവും രൂക്ഷമായിരുന്നു. നിർമാണം വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾക്കും പാലം വേദിയായി.


മേൽപാലം യാഥാർഥ്യമാകുമ്പോഴും റിങ് റോഡുകളുടെ അവസ്ഥ പരിതാപകരമായി തുടരുന്നു. നിർമാണം ആരംഭിക്കുന്നതിന് മുൻപുതന്നെ ഈ റോഡുകൾ നവീകരിച്ച് ടൗണിൽ എത്താതെ വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സംവിധാനം ഒരുക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. മാസം 32 പിന്നിട്ടിട്ടും ഈ റോഡുകളിലൂടെ വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. 


കുറ്റിപ്പുറം റോഡിൽ നിന്ന് പൊന്നാനി റോഡിലേക്ക് എത്തുന്ന ഹൈസ്കൂൾ ഗ്രൗണ്ട് റോഡ് ചെളിക്കുളമാണ്. തൊട്ടടുത്ത ക്രസന്റ് പ്ലാസയ്ക്ക് സമീപത്തെ റോഡ് ‘കടന്നാൽക്കുടുങ്ങി’യാണ്. ഈ റോഡ് നവീകരിച്ചാൽ ചെറുവാഹനങ്ങൾക്ക് സുഗമമായി പൊന്നാനി റോഡിലേക്ക് എത്താം. തൃശൂർ റോഡിൽ നിന്ന് പട്ടാമ്പി റോഡിലേക്കുള്ള റോഡിന്റെ അവസ്ഥയും മറിച്ചല്ല. പഴയ ദീപ ടാക്കീസ് റോഡിൽ മഴ ചാറിയാൽ വെള്ളക്കെട്ട് രൂപപ്പെടും. പാലം തുറന്നു നൽകിയാലും ഈ റോഡുകൾകൂടി നവീകരിച്ചാൽ ടൗണിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വീണ്ടും കുറയ്ക്കാനാകും.


പാലം യാഥാർഥ്യമാകുന്നതോടെ എടപ്പാൾ ടൗണിന്റെ മുഖഛായ തന്നെ മാറും. ചരക്കുലോറികൾ ഉൾപ്പെടെ ദീർഘദൂര വാഹനങ്ങൾക്ക് ഇനി മുതൽ പാലത്തിലൂടെ സഞ്ചരിക്കാം. ഇതോടെ താഴ്ഭാഗത്തെ തിരക്ക് കുറയുകയും മറ്റു വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുമാകും. പാലത്തിന് മുകളിലെ കൈവരികളിലും താഴ്ഭാഗത്തുമായി 27 വഴിവിളക്കുകൾ സ്ഥാപിക്കുന്നതോടെ ടൗൺ പ്രകാശപൂരിതമാകും

ടൗണിന്റെ മധ്യത്തിൽ ഉൾപ്പെടെ നാലിടത്ത് ട്രാഫിക് ഐലന്റുകളും 3 ട്രയാങ്കിളുകളും നിർമിക്കും. പട്ടാമ്പി – പൊന്നാനി റോഡുകളിൽ ഡിവൈഡറുകളും സ്ഥാപിക്കും. മധ്യത്തിൽ സിഗ്‌നൽ ലൈറ്റുകളുമുണ്ടാകും.അനധികൃത പാർക്കിങ്ങിനും ഇതോടെ തടയിടാനാകും. പാലത്തിന് താഴെ പൂട്ടുകട്ട വിരിച്ച് മനോഹരമാക്കിയ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിങ്ങിനായി സംവിധാനമൊരുങ്ങും. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാൻ കഴിയുന്നത് വ്യാപാരം മെച്ചപ്പെടുത്താനും ഉപകരിക്കും