26 April 2024 Friday

പൊന്നാനി കളരി ഒക്ടോബർ 4ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും

ckmnews

പൊന്നാനി കളരി ഒക്ടോബർ 4ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും


എടപ്പാള്‍:മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ഭാഗമായി പൊന്നാനി കളരി എന്ന പേരില്‍ നിളാവിചാരവേദി സംഘടിപ്പിക്കുന്ന അക്കിത്തം സ്മൃതി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.ഒക്ടോബര്‍ നാലിന് വൈകിട്ട് 4.30ന് ശുകപുരം വള്ളത്തോള്‍ വിദ്യാപീഠത്തിലാണ് ചടങ്ങ്. ഒക്ടോബര്‍ അഞ്ചിനാണ് കവിയുടെ ശ്രാദ്ധം. വള്ളത്തോള്‍ വിദ്യാപീഠം സെക്രട്ടറി ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനാകും.പ്രജ്ഞാ പ്രവാഹ് ഓര്‍ഗനൈസിങ് സെക്രട്ടറി ജെ.നന്ദകുമാര്‍ അക്കിത്തം അനുസ്മരണം നടത്തും

2009ല്‍ നിളാവിചാരവേദിയുടെ രൂപീകരണം മുതല്‍ മഹാകവി അക്കിത്തമായിരുന്നു അധ്യക്ഷന്‍. നിളയുടെ സംരക്ഷണത്തിനും,നദീതടത്തിലെ കല,സാഹിത്യ പരിപോഷണത്തിനുമായി കവി അനേകം യാത്രകള്‍ക്കും,പദ്ധതികള്‍ക്കും നേതൃത്വമേകി.നിളയോരത്ത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ദേശീയ നദീ മഹോത്സവം, നിളാ പുരസ്‌കാര സമര്‍പ്പണം എന്നിവയ്‌ക്കെല്ലാം അക്കിത്തം എത്തിയിരുന്നു.കവിതയിലൂടെയും എഴുത്തിലൂടെയും സദാസമയവും നദിയോരത്തെ ബിംബങ്ങളെ  കവി സന്നിവേശിപ്പിച്ചിരുന്നു.ചടങ്ങിൽ വി.കെ ഹരിഹരന്‍ ഉണ്ണിത്താന്‍, ഡോ. ആര്‍സു എന്നിവര്‍ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം നടത്തിയ അക്കിത്തം കൃതികള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യും. മഹാകവിയുടെ മകള്‍ ഇന്ദിര, കവി അഡ്വ.നരേന്ദ്രമേനോന്‍,തപസ്യ ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, അഡ്വ പ്രഭാശങ്കര്‍, വി.മുരളി, വിപിന്‍ കൂടിയേടത്ത്,കെ.ടി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് എടപ്പാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നിളാ വിചാര വേദി ജനറൽ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്,സെക്രട്ടറി കെ.ടി കൃഷ്ണകുമാര്‍ എന്നിവർ അറിയിച്ചു.