09 May 2024 Thursday

പക്ഷിപ്പനി:കോഴികളെ കൊന്നൊടുക്കി തുടങ്ങി

ckmnews

പക്ഷിപ്പനി കോഴികളെ കൊന്നൊടുക്കി തുടങ്ങി


കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ കോഴികളെ നശിപ്പിച്ച് തുടങ്ങി.പുതിയോട്ടിൽ സെറീനയുടെ ഉടമസ്ഥതയിലുള്ള എഗ്ഗർ ഫാമിലാണ് രാവിലെ 10.45 ഓടെ വിദഗ്ധ സംഘം എത്തിയത്. 2000 ഓളം കോഴികളാണ് ഇവിടെ നിന്നും രോഗബാധയാൽ ചത്തത്. നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങൾ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘമാണ് കോഴികളെ സ്ഥലത്തെത്തി നശിപ്പിച്ചത്. ശേഷം അവശിഷ്ടങ്ങൾ കത്തിച്ച് മാറ്റാനാണ് തീരുമാനം.ജില്ലാ കലക്ടർ ശ്രീരാം സാംബശിവ റാവു സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമിൽ നിന്ന് കോഴികൾ ചത്ത് തുടങ്ങിയത്. തുടർന്ന് ഭോപ്പാലിലെ പരിശോധനയ്ക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജാഗ്രതാ നിർദേശം എന്ന നിലയ്ക്ക് രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴിയുടേയും കോഴി ഉൽപ്പന്നങ്ങളുടേയും വിൽപ്പന താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.