26 April 2024 Friday

ചാരിറ്റി സംഘടന രൂപീകരിച്ച്​ തട്ടിപ്പ്​: ചങ്ങനാശ്ശേരി സ്വദേശി കുറ്റിപ്പുറത്ത് അറസ്റ്റിൽ.

ckmnews


എടപ്പാള്‍:കുറ്റിപ്പുറത്ത് സെറീൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ തട്ടിപ്പ് സംഘം രൂപീകരിച്ച് തട്ടിപ്പു നടത്തിയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസിനെയാണ്​ (49) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്​തത്.മഞ്ചേരി പന്തലൂർ സ്വദേശി അബ്​ദുൽ നാസറിൽ നിന്നും 1,62,000 രൂപ കൈക്കലാക്കി വഞ്ചിച്ച പരാതിയിലാണ് കേസെടുത്തത്. കടബാധ്യതയിൽ നിന്ന് കരകയറ്റാൻ സഹായിക്കുമെന്ന്​ പറഞ്ഞാണ്​ സംഘടനയുടെ പ്രവർത്തനം. ഇവരുടെ പ്രചാരണത്തിൽ വീഴുന്നവരിൽനിന്ന്​ 1000 രൂപ വാങ്ങി അംഗങ്ങളാക്കുകയും, പിന്നീട് അവരുടെ നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരുമായി റിയാസിനെ പരിചയപ്പെടുത്തുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്യുകയാണ് രീതി.ആദ്യം ചങ്ങനാശ്ശേരിയിൽ തുടങ്ങിയ സംഘടന പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി 2020ൽ പുതിയ ഓഫിസ് ആരംഭിച്ചു. തുടർന്ന് നിലമ്പൂരും മണ്ണാർക്കാടും ആലപ്പുഴയിലും മറ്റു പലസ്ഥലങ്ങളിലും വിപുലമായ ഓഫിസുകളും പ്രവർത്തനങ്ങളും നടത്തിവരുകയായിരുന്നു. ഇങ്ങനെ കാരുണ്യ പ്രവർത്തനത്തിന് രശീതിയില്ലാതെ ലക്ഷങ്ങൾ ഇയാൾ പിരിച്ചെടുത്തതായി കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലെയിൽ പറഞ്ഞു