26 April 2024 Friday

മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുറവ് കുട്ടികളുടെ പഠനം മുടക്കുന്നതായി വ്യാപകമായ പരാതി

ckmnews



ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തത് കുട്ടികളുടെ പഠനം മുടക്കുന്നതായി വ്യാപകമായ പരാതി.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പഠനം പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണിനെയും ഇന്റര്‍നെറ്റിനെയും ആശ്രയിച്ച് പഠനം മുന്നോട്ട് കൊണ്ട് പോവുന്നത്.പല സ്ഥലങ്ങളിലും വീടിനകത്ത് നെറ്റ് വര്‍ക്കില്ലാത്തത് മൂലം ടെറസിന് മുകളിലും പറമ്പിലും ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ളാസുകളില്‍ പങ്കാളികളാവുന്നത്.നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല ഹൈസ്കൂള്‍ പരിസരം,ചേലക്കടവ്,മൂച്ചിക്കടവ്,നരണിപ്പുഴ,പുളിഞ്ചോട്,മഠത്തിപ്പാടം,മാക്കാലി,നന്നംമുക്ക്,മുതുകാട്,സ്രായിക്കടവ്,ഭാഗങ്ങളിലും ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ,ചിറക്കുളം,ചിയ്യാനൂർ സെന്റർ,മസ്‌ജിദ്,നാട്ടുകൽ കോളനി, കുന്ന്,റിയ ഫ്‌ളവർ മിൽ
പഴയ മദ്രസ്സ പരിസരം
പാമ്പിൻ കാവ് പരിസരം ഇവിടങ്ങളിലെല്ലാം മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുറവ് പഠനത്തെ കാര്യമായി ബാധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്.ചിലഭാഗങ്ങളില്‍ കിലോമീറ്ററുകള്‍ മാറി ബന്ധുവീടുകളിലും മറ്റു സഹപാഠികളുടെ വീട്ടിലും എത്തിയാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നത്.കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നത് മൂലം പുറത്തിറങ്ങാനുള്ള പ്രയാസങ്ങളും സാമൂഹ്യ അകലം പാലിച്ച് പഠനം നടത്താന്‍ കഴിയാതെ വരുന്നതും ഓരോ പ്രദേശത്തും നൂറ്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് വലക്കുന്നത്.കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വേണ്ടത്ര നെറ്റ് വര്‍ക്ക് സൗകര്യം ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടെങ്കിലും മൊബൈല്‍ കമ്പനികളോ അധികൃതരോ ചില പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പൊന്നാനി താലൂക്കിലെ മാറഞ്ചേരി  പഞ്ചായത്തില്‍ തുറുവാണം ദ്വീപില്‍ 200 ഓളം കുട്ടികള്‍ പഠനത്തിന് പ്രയാസം നേരിടുന്നുണ്ട്.ജില്ലയില്‍ പല ഭാഗത്തും കുട്ടികളുടെ പഠനം തടസപ്പെടുന്നതായി വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട്.