26 April 2024 Friday

പത്തനംതിട്ടയില്‍ കനത്ത മഴ, പുഴകള്‍ കരകവിഞ്ഞു; പ്രളയ മുന്നറിയിപ്പ് നല്‍കി ജില്ലാ ഭരണകൂടം

ckmnews

യാസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്ബാ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി.


വെള്ളം കയറാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നത്. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്ബന്‍മൂഴി, അറയാഞ്ഞിലിമണ്‍ എന്നിവിടങ്ങളിലും പമ്ബയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. പത്തനംതിട്ട ഉള്‍പ്പടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്‌ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.