'തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം'; മേളപ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയതിൽ പെരുവനം കുട്ടൻ മാരാർ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പെരുവനത്തിന് പ്രമാണി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിതെളിച്ചത്. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലയ്ക്ക് പെരുവനമായിരുന്നു മേളപ്രമാണി. ഈ സമയത്ത് പെരുവനം അദ്ദേഹത്തിന്റെ മകനെ കൂടി ഒപ്പം കൂട്ടിയിരുന്നു. മേളയുടെ മുൻനിരയിൽ മകനെ പെരുവനം നിർത്തി. എന്നാൽ ദേവസ്വം പട്ടികയിൽ മകന്റെ പേരുണ്ടായിരുന്നില്ല. ഇവർ ഇടപെട്ട് ഇദ്ദേഹത്തെ പിൻനിരയിലേക്ക് മാറ്റി. തുടർന്ന് പെരുവനം കുട്ടൻമാരാർ ചെണ്ട താഴെ വെക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് അദ്ദേഹം ചെണ്ട കൊട്ടി മേളം പൂർത്തിയാക്കി. എന്നാൽ ഈ നടപടിയിൽ ദേവസ്വം ബോർഡിന് വലിയ അതൃപ്തിയുണ്ടായി.
തുടർന്നാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്നത്. എന്നാൽ മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണമെന്ന് പെരുവനം പ്രതികരിച്ചു. മകനെ കൊട്ടിച്ചത് ദേവസ്വമാണ്. മകനെ കൊട്ടിച്ചതിനാണ് മാറ്റമെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ വർഷം മകനെ മേളമുൻ നിരയിൽ എത്തിച്ചത് ദേവസ്വമാണെന്നും അദ്ദേഹം പറഞ്ഞു,
ഈ വര്‍ഷത്തെ ഇലഞ്ഞിത്തറ മേളത്തിന് അനിയൻ മാരാര്‍ പ്രമാണിസ്ഥാനം വഹിക്കുമെന്ന് ദേവസ്വം ബോർഡ് പിന്നീട് അറിയിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി സ്ഥാനം വഹിച്ചിരുന്നത് പെരുവനം കുട്ടൻ മാരാരായിരുന്നു. മുതിർന്ന വാദ്യകലാകാരനായ അനിയൻ മാരാർക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാൻ അവസരം നൽകണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
കിഴക്കൂട്ട് അനിയൻ മാരാർക്ക് 78 വയസാണ്. ഇദ്ദേഹത്തിന് മേളപ്രമാണി സ്ഥാനത്ത് ഒരവസരം നൽകാൻ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകൾക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതൽ കിഴക്കൂട്ട് അനിയൻ മാരാർ പൂരത്തിനുണ്ട്. കലാകാരന്മാർക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍. 2005-ൽ പാറമേക്കാവിന്റെ പകൽപ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ൽ തിരുവമ്പാടിയുടെ പകൽപ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയൻ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം.
തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുക. ഈ ഇലഞ്ഞി മരത്തിൻ്റെ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് ഐതിഹ്യം. കഴിഞ്ഞ മെയിൽ പെരുവനത്തിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിൽ മുന്നൂറോളം കലാകാരൻമാരാണ് പങ്കെടുത്തത്.