മലപ്പുറത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകൻ അറസ്റ്റിൽ; ഒരേ സ്കൂളിൽ ദിവസങ്ങൾക്കിടെ രണ്ടാമത്തെ സംഭവം

മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകൻ പിടിയിൽ. മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനായ മുണ്ടുപറമ്പ് സ്വദേശിയായ കുഞ്ഞിമൊയ് തീൻ(52)ആണ് അറസ്റ്റിലായത്. പ്രതി 12 വർഷത്തോളമായി മലപ്പുറം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനാണ്. ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ വീട്ടില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം 13കാരനെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മറ്റൊരു അധ്യാപകൻ അറസ്റ്റിലായത് ദിവസങ്ങൾക്ക് മുമ്പാണ്. അധ്യാപകനും വലിയാട് സ്വദേശിയും ആയ വലിയാട് ഷാഹിമഹൽവലിയപറമ്പൻ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് ബഷീർ (55) ആയിരുന്നു അന്ന് അറസ്റ്റിൽ ആയത്.
2019 വർഷം മുതൽ 2022 ഡിസംബർ മാസം 24 വരെയുള്ള കാലയളവിൽ ബഷീർ 13കാരനെ പലതവണകളായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയെ കടത്തിക്കൊണ്ടുപോയി മലപ്പുറം ചെമ്മങ്കടവ് ബഷീറിൻ്റെ അയൽവാസിയുടെ വീടിന്റെ പിറകുവശത്ത് വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് ആണ് പീഡനം നടത്തിയത്. കുട്ടിക്ക് പ്രതിഫലമായി പലപ്രാവശ്യം പണവും നൽകിയിട്ടുണ്ട്. കുട്ടിയോട് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് അന്ന് ബഷീർ അറസ്റ്റിലായത്.
നടന്ന കാര്യങ്ങൾ കുട്ടി ക്ലാസ് ടീച്ചറോട് പറയുകയും തുടർന്ന് ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തുകയും ചെയ്തപ്പോഴാണ് ബഷീറിൻറെ ലൈംഗിക അതിക്രമങ്ങൾ അന്ന് പുറത്തുവന്നത്