09 May 2024 Thursday

പരിമിതികളെ തോല്‍പിച്ച് നിയാസ് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകുന്നു ട്രെയിനപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ടിട്ടും ജീവകാരുണ്യ രംഗത്ത് മാതൃകയാവുകയാണ് ഉദിനുപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍

ckmnews

പരിമിതികളെ തോല്‍പിച്ച് നിയാസ് കോവിഡ് രോഗികള്‍ക്ക്  ആശ്വാസമേകുന്നു


ട്രെയിനപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ടിട്ടും ജീവകാരുണ്യ രംഗത്ത് മാതൃകയാവുകയാണ് ഉദിനുപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍


ചങ്ങരംകുളം:പത്ത് വർഷങ്ങൾക്ക് മുമ്പ് ത്യശൂരിൽ വെച്ചുണ്ടായ ട്രെയിനപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ടിട്ടും ജീവകാരുണ്യ രംഗത്ത് വിത്യസ്ഥനാവുകയാണ് ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി നിയാസ് ഉദിനുപറമ്പ്.ചങ്ങരംകുളത്ത് ഉപജീവനത്തിനായ്  ഓട്ടോറിക്ഷ ഓടിക്കുന്ന നിയാസ് തൻെറ ഓട്ടോറിക്ഷയിലാണ് കോവിഡ് ബാധിതരെ ഹോസ്പിറ്റലുകളിൽ എത്തിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിച്ച് നൽകുന്നതും.ആലങ്കോട് ഗ്രാമപഞ്ചായത്ത്  ആറാം വാർഡിലെ ആര്‍ആര്‍ടി അംഗവും കൂടിയായ നിയാസിന്റെ പകരം വെക്കാനാവാത്ത സേവന പ്രവൃത്തികള്‍ സമൂഹത്തിന് മാതൃകയാകുകയാണ്.കോവിഡിൻെറ ഒന്നാം വരവിൽ കോവിഡ് രോഗം  നിയാസിനെയും പിടികൂടിയിരുന്നു.തുടർന്നാണ് കോവിഡ് പ്രവർത്തനത്തിൽ സജീവമാവുന്നത്.അവിവാഹിതനായ നിയാസ് വീട്ടിന് സമീപത്ത് ഓട്ടോറിക്ഷയിൽ തന്നെയാണ് രാത്രി കാലവും കഴിച്ചു കൂട്ടുന്നത്.ഏത് രാത്രിയിലും സന്നദ്ധ പ്രവർത്തനത്തിന് മനസ് കാണിക്കുന്നതിനൊപ്പം വീട്ടിലുളളവരുടെ സുരക്ഷിതവും ഉറപ്പ് വരുത്തുന്നതിനാണ് പുറത്ത് ഓട്ടോറിക്ഷയില്‍ തന്നെ ഉറങ്ങുന്നതെന്നും നിയാസ് പറഞ്ഞു.മുപ്പത് കാരനായ നിയാസിന് ഉമ്മയും അനുജനും അനുജത്തിയും അടങ്ങുന്ന കുടുംബത്തിൻെറ ഏക ആശ്രയം നിയാസും നിയാസിൻെറ ഓട്ടോറിക്ഷയും മാത്രമാണ്.കുടുംബത്തിൻെറ ബുദ്ധിമുട്ടുകളും നഷ്ടപ്പെട്ട ഇടത് കാലും തൻെറ സാമൂഹിക പ്രവർത്തനത്തിന് പ്രതിസന്ധിയാവില്ലെന്ന് നിയാസ് പറഞ്ഞു.