09 May 2024 Thursday

ഏഷ്യാനെറ്റ് മീഡിയവണ്‍ ചാനലുകളുടെ വിലക്ക് നീങ്ങി സംപ്രേക്ഷണം ആരംഭിച്ചു

ckmnews

ന്യൂഡൽഹി: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലയാളം ന്യൂസ് ചാനലുകളായ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏർപ്പെടുത്തിയ വിലക്കിൽ മാറ്റം.കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ ചാനലുകള്‍ സംപ്രേഷണം പുനരാരംഭിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനരാരംഭിച്ചത്. പുലർച്ചെ 2.44 മുതൽ ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ സ്ട്രീമിങ്ങും ഇന്റർനെറ്റിൽ ലഭ്യമായി.പിന്നീട് മീഡിയ വണിന്റെ വിലക്കും നീങ്ങി സംപ്രേഷണം പുനരാരംഭിച്ചു.വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടത്.വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതൽ ഞായറാഴ്ച വൈകുന്നേരം 7.30 വരെയായിരുന്നു സംപ്രേഷണ വിലക്ക്. 2 ചാനലുകൾക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നൽകിയിരുന്നു. മറുപടി കേട്ടശേഷമായിരുന്നു നടപടി.ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.ആർഎസ്എസിനെയും ഡൽഹി പോലീസിനെയും വിമർശിച്ചത് വലിയ വീഴ്ചയാണെന്നാണ് മീഡിയ വണിന് നൽകിയ നോട്ടീസിൽ കേന്ദ്രം പറയുന്നത്.