26 April 2024 Friday

കേരള മാപ്പിള കലാ അക്കാദമി ദഫ് മുട്ട് ഗുരുക്കൻമാരെ അനുസ്മരിച്ചു

ckmnews



ചങ്ങരംകുളം:പരമ്പരാഗത ദഫ്മുട്ട് ആചാര്യൻമാരും സ്കൂൾ കലോൽസവങ്ങൾ, റാത്തീബ് സംഘങ്ങൾ തുടങ്ങിയവയിൽ ദഫ് മുട്ട് അവതാരകരും പരിശീലകരുമായിരുന്ന   മർഹൂം പന്താവൂർ തലാപ്പിൽ അബ്ദുറഹിമാൻ ഹാജിയെയും സഹോദരൻ തലാപ്പിൽ മൊയ്തുണ്ണി മുസ്ല്യാരെയും കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.കക്കിടിപ്പുറം അൽഫലാഹ് സ്കൂളിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് സാലിഹ് അഹ്സനി കക്കിടിപ്പുറം ഉൽഘാടനം ചെയ്തു.എടപ്പാൾ ചാപ്റ്റർ പ്രസിഡണ്ട് അൻവർ മൂതൂർ അദ്ധ്യക്ഷത വഹിച്ചു .അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യ അതിഥിയായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ താഹിർ ഇസ്മാഈൽ ചങ്ങരംകുളം അനുസ്മരണ പ്രഭാഷണം നടത്തി.പരമ്പരാഗതമായി തലാപ്പിൽ അബ്ദുറഹിമാൻ ഹാജി നടത്തിയിരുന്ന റാത്തീബ് അദ്ദേഹത്തിൻ്റെ വിയോഗശേഷം അന്യം നിന്ന് പോകാതിരിക്കാൻ പ്രസ്തുത റാത്തീബ് കിതാബും ദഫുകൾ അടക്കമുള്ള അനുബന്ധ സാമഗ്രികളും എടപ്പാൾ കെ വി അബ്ദുറഹിമാൻ മുസ്ലിയാർക്ക് കൈമാറുന്ന ചടങ്ങ് സാലിഹ് അഹ്സനി നിർവ്വഹിച്ചു. 2019-20 വർഷത്തിൽ സിബിഎസ്ഇ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ദഫ് മുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരിൽ ലീഡറും തലാപ്പിൽ മൊയ്തുണ്ണി മുസ്ലിയാരുടെ പേരക്കുട്ടിയുമായ ആളത്ത് മുഹമ്മദ് സുൽതാന് മാപ്പിള കലാ അക്കാദമിയുടെ ഉപഹാരം അടാട്ട് വാസുദേവൻ മാഷ് സമ്മാനിച്ചു. തലാപ്പിൽ അബ്ദു റഹിമാൻ ഹാജിയുടെ  ശിഷ്യൻമാരായ കക്കിടിപ്പുറത്തുകാർ അടക്കമുള്ള ടീം അവതരിപ്പിച്ച ദഫ് മുട്ട് പ്രദർശനം കാണികൾക്ക് കൗതുകമായി.അനുസ്മരണ ചടങ്ങിൽ സഫ് വാൻ നദ് വി കക്കിടിപ്പുറം, അഷ്റഫ് പാലപ്പെട്ടി, PTM ആനക്കര, റഷീദ് കുമരനല്ലുർ, ഉമർ തലാപ്പിൽ, ഫാറൂഖ് തലാപ്പിൽ നിസാർ നടുവട്ടം, കെ വി എ റഹ്മാൻ എടപ്പാൾ, അലിയാർ കക്കിടിപ്പുറം, ഇബ്റാഹിം ആമയിൽ, ചാപ്റ്റർ സെക്രട്ടറി അഷ്റഫ് മാറഞ്ചേരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.