09 May 2024 Thursday

ട്രാന്‍സ് സിനിമയ്ക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ckmnews



കോഴിക്കോട്: തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അന്‍വര്‍ റഷീദ്  ചിത്രം  ട്രാന്‍സിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. റെസ്പിരഡോണ്‍ എന്ന മരുന്നിനെ  അശാസ്ത്രീയമായ രീതിയിൽ ചിത്രത്തില്‍ അവതരിപ്പിച്ചെന്നാണ് ഐ.എം.എയുടെ ആരോപണം. മരുന്നിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി എ.കെ ബാലനും,സെന്‍സര്‍ ബോഡിനും ഐ.എം.എ പരാതി നല്‍കിയിട്ടുണ്ട്. 


നസ്രിയയും ഫഹദ് ഫാസിലും അഭിനയിച്ച അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പരാതി. സ്കീസോഫ്രീനിയ രോഗികൾക്ക് നൽകുന്ന റെസ്പിരഡോണ്‍ എന്ന മരുന്നിന്‍റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന രീതിയില്‍ ചിത്രത്തിലുളള സംഭാഷണങ്ങളാണ് പരാതിക്ക് ആധാരം. മരുന്നിനേയും ചികിത്സാരീതികളെയുംകുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് സിനിമയുടെ അവതരണമെന്ന് ഐഎംഎ ആരോപിക്കുന്നു.


നേരത്തെ ജോസഫ് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ മൂലം അവയവദാനത്തില്‍ നിന്ന് നിന്ന് ആളുകള്‍ പിന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായെന്ന് ഐഎംഎ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി കൊടുക്കുന്നതിന് മുന്പ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം തേടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ഇതിനായി പ്രത്യേക ഉപദേശക സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഐഎംഎ ഉന്നയിക്കുന്നു.