26 April 2024 Friday

പാവറട്ടി കസ്റ്റഡി മരണം: സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു, ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍

ckmnews

പാവറട്ടി കസ്റ്റഡി മരണം: സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു, ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍



തൃശ്ശൂര്‍: പാവറട്ടി കസ്റ്റഡിമരണ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ നാല് പേര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 


2019 ഒക്ടോബര്‍ ഒന്നിനാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്ത തിരൂര്‍ സ്വദേശി രഞ്ജിത് കുമാര്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാറിനെ എക്‌സൈസ് സംഘം അന്യായമായി തടങ്കലില്‍വെച്ച് ഒന്നേകാല്‍ മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചെന്നാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയത്. മര്‍ദനമേറ്റതാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി. ടി.പി. അനന്തകൃഷ്ണനായിരുന്നു അന്വേഷണച്ചുമതല. കേസില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ. പ്രതിചേര്‍ത്തിരിക്കുന്നത്. അബ്ദുള്‍ ജബ്ബാര്‍, വി.എ. ഉമ്മര്‍, മഹേഷ്, നിബിന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റം, അന്യായമായി തടങ്കലില്‍വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അനൂപ്, ബെന്നി, നെവിന്‍ എന്നിവര്‍ക്കെതിരേ കൃത്രിമമായി തെളിവ് നിര്‍മിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്നീ കുറ്റങ്ങളും ചുമത്തി. 780 പേജുള്ള കുറ്റപത്രത്തില്‍ അന്നത്തെ  തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന പി.കെ. സാനു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ, തൃശൂര്‍ സി.ഐ. ഫൈസല്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്.