26 April 2024 Friday

മികച്ച പ്രധാനാധ്യാപകരുടെ അന്തർദേശീയ പട്ടികയിൽ ഇര്‍ശാദ് പ്രിന്‍സിപ്പല്‍ കെ. എം. ശരീഫ് ബുഖാരി

ckmnews



ചങ്ങരംകുളം: മികച്ച പ്രധാനാധ്യാപകരെ തിരഞ്ഞെടുക്കുന്ന അലര്‍ട്ട് നോളജ് സര്‍വീസിന്റെ പട്ടികയില്‍ പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. എം. ശരീഫ് ബുഖാരി ഇടംനേടി. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറ് പ്രധാനാധ്യാപകര്‍ക്കുളള എച്ച്. ഇ. പി. പുരസ്‌കാരത്തിനാണ് ബുഖാരി അര്‍ഹനായത്. 

വിദ്യാര്‍ത്ഥികള്‍ക്ക് പഠന, പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായകമാവുന്ന വ്യത്യസ്ത പദ്ധതികള്‍, സാമൂഹിക രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിദ്യാര്‍ത്ഥി സൗഹൃദവും നൂതനവുമായ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് എച്ച് ഇ പി (Highly Effective Principal) അവാര്‍ഡിന് ശരീഫ് ബുഖാരിയെ തെരഞ്ഞെടുത്തത്.

ഇംഗ്ലീഷ് സാഹിത്യത്തിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുള്ള ബുഖാരി പ്രാണിക് ഹീലിംഗ്, കൗണ്‍സലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നു. സ്‌കൂളിന്റെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും മികച്ച പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള പുരസ്‌കാരം നേടുകയും ചെയ്ത കെ. എം. ശരീഫ് ബുഖാരിയെ ഇര്‍ശാദ് കേന്ദ്ര കമ്മിറ്റി യോഗം അഭിനന്ദിച്ചു.