08 May 2024 Wednesday

നീണ്ട ഏഴ് മണിക്കൂര്‍ തിരച്ചില്‍ കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത് ടണ്‍ കണക്കിന് മാലിന്യം

ckmnews

നീണ്ട ഏഴ് മണിക്കൂര്‍ തിരച്ചില്‍ 

കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത് ടണ്‍ കണക്കിന് മാലിന്യം


ചങ്ങരംകുളം:പന്താവൂരില്‍ നിന്ന് കാണാതായ ഇര്‍ഷാദിനെ കൊന്ന് തള്ളിയെന്ന് സംശയിക്കുന്ന പൂക്കരത്തറ സെന്ററിലെ കെട്ടിടത്തിന് പുറകിലുള്ള പൊട്ടക്കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത് ടണ്‍ കണക്കിന് മാലിന്യം.തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു വിന്റെയും ചങ്ങരംകുളം സിഐ ബഷീര്‍ ചിക്കലിന്റെയും ഡെപ്യൂട്ടി തഹസില്‍ദാര്‍  സുകേഷിന്റെയും മേല്‍നോട്ടത്തില്‍ ഫയര്‍ഫോഴ്സും പോലീസും തൊഴിലാളികളും ചേര്‍ന്ന് കാലത്ത് ഒമ്പതര മണിയോടെയാണ് മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയെന്ന് പറയുന്ന കിണറ്റില്‍ തിരച്ചില്‍ ആരംഭിച്ചത്.ആറ് മാസം മുമ്പ് നടന്ന സംഭവം ആയത് കൊണ്ട് പ്രദേശത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റില്‍ ദിനം പ്രതി സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ട് ഉയര്‍ന്ന അളവില്‍ കിണറ്റില്‍ മാലിന്യം നിറഞ്ഞ് കിടന്നിരുന്നു.തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം കിണറ്റില്‍ നിന്ന് മാലിന്യം കരക്കെത്തിച്ചെങ്കിലും വൈകിയിട്ട് അഞ്ചരയോടെ മാലിന്യം കയറ്റുന്ന പ്രവൃത്തി നിര്‍ത്തി വെക്കുകയായിരുന്നു.ഞായറാഴ്ച കാലത്ത് എട്ട് മണിയോടെ വീണ്ടും കുമിഞ്ഞു കൂടിയ മാലിന്യം കരയിലേക്ക് കയറ്റി മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ടണ്‍ കണക്കിന് മാലിന്യമാണ്  തൊഴിലാളികള്‍ ഏറെ നേരത്തെ കഠിനശ്രമത്തിന് ശേഷം പുറത്തെത്തിച്ചത്.പ്രതികളെ പല തവണ മാറി ചോദ്യം ചെയ്തെങ്കിലും പ്രതികളുടെ മൊഴികളില്‍ അസ്വാഭാവികത ഇല്ലാത്തത് കൊണ്ട് തന്നെ മൃതദേഹം തുടര്‍ന്നുള്ള തിരച്ചിലില്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്യേഷണസംഘം.