26 April 2024 Friday

സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച തുറക്കും; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ckmnews

സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച തുറക്കും. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസില്‍ അനുവദിക്കുക. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ലാസുകള്‍.

ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ് കോളേജുകള്‍, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതല്‍ കോളേജില്‍ ഹാജരാകണം.

ലബോറട്ടറി സെഷനുകള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താനാകാത്ത മറ്റ് മേഖലകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാകും ക്ലാസ്സുകള്‍ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസ്സ്. പത്ത് ദിവസത്തിനുശേഷം ക്ലാസുകള്‍ ആരംഭിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കോ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് നിര്‍ദ്ദേശങ്ങള്‍

• ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും

• ക്ളാസ് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ

• ഹാജര്‍ നിര്‍ബന്ധമല്ല

• കാമ്ബസില്‍ മാസ്‌ക് നിര്‍ബന്ധം

• തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമല്ല