09 May 2024 Thursday

അബുദാബി ലോട്ടറി 20 കോടി രൂപ ലഭിച്ചത് പെരുമ്പടപ്പ് സ്വദേശി അടക്കം എട്ടംഗ മലയാളി സംഘത്തിന്;

ckmnews

അബുദാബി/റിയാദ്∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം ലഭിച്ചത് എട്ടംഗ മലയാളി സംഘത്തിന്. സൗദിയിലെ നജ്റാനിൽ സമായ അൽ അദ കമ്പനിയിലെ സൈറ്റ് സൂപ്പർവൈസറും ആലപ്പുഴ സ്വദേശിയുമായ മോഹൻ കുമാർ ചന്ദ്രദാസിന്റെ പേരിൽ എടുത്ത ടിക്കറ്റിലൂടെയാണ് 20 കോടിയോളം രൂപ  മലയാളികൾക്കായി ലഭിച്ചത്. ഓരോരുത്തരും തുല്യമായി 66.25 റിയാൽ വീതമെടുത്ത് (മൊത്തം 530 റിയാൽ) ഓൺലൈനിലൂടെയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും മോഹൻകുമാർ മനോരമയോട് പറഞ്ഞു. ഒൻപത് വർഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന മോഹൻകുമാർ ഈ കമ്പനിയിൽ ജോലിക്കു ചേർന്നിട്ട് ഒന്നര വർഷമായി. ഇതേകമ്പനിയുടെ വിവിധ സൈറ്റുകളിൽ ജോലി ചെയ്യുന്ന വിനീഷ് ബാലൻ പെരുമ്പടപ്പ് മലപ്പുറം, ശശിധരൻ ലഞ്ജിത് ആർപ്പൂക്കര, ശ്യാം സുന്ദർ വടുതല കൊച്ചി, ഭാസ്കരൻ റബീഷ് പെരുമ്പടപ്പ് മലപ്പുറം, സൂരജ് ആര്യാട് ആലപ്പുഴ, അരുൺദാസ് പിവി പാലക്കാട്, ജിത്തുബേബി നെടുമ്പാശേരി എന്നിവരാണ് മറ്റു ഭാഗ്യശാലികൾ.

ഒരുപാട് കഷ്ടപ്പാടുള്ളവരാണ് ഞങ്ങൾ. അതിൽനിന്ന് രക്ഷപ്പെടാനായി മൂന്നാം തവണയാണ് സംയുക്തമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്നത്. സമ്മാനം കിട്ടിയതിലൂടെ രക്ഷപ്പെടുന്നതും എട്ടു കുടുംബമാണ്. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എല്ലാവരും കൂടിയാലോചിച്ച് വേണ്ടതു ചെയ്യുമെന്നും മോഹൻകുമാർ പറഞ്ഞു. ഭാര്യഅമ്പിളിയും മകൻ ആർദ്രവ് കൃഷ്ണയും നാട്ടിലാണ്. 

മോഹൻ ഗണേശൻ (ഒരു ലക്ഷം ദിർഹം), ലൈല സുരേഷ് (90,000), ഇലാമെൽ ദീൻ അബ്ദുൽ വഹാബ് (80,000), കേശവൻ ഷെട്ടി (70,000), മോഹനൻ (50,000), അബ്ദുൽവാലിഖാൻ നാസിർ ഗുൽ (30,000), നന്ദുകണ്ടിൽ പറമ്പിൽ സജിത് (20,000), സണ്ണി ദേവസിക്കുട്ടി (10,000), മയന്നെ കസഡോർ (10,000) എന്നിവരാണ് മറ്റു വിജയികൾ. ഇവരിൽ മലയാളികളടക്കം 6 ഇന്ത്യക്കാരുണ്ട്. മലയാളിയായ അഖീഷ് പുതിയേടത്തിനാണ് നറുക്കെടുപ്പിൽ ജീപ്പ് സമ്മാനമായി ലഭിച്ചത്.