26 April 2024 Friday

മൂന്ന് രാജ്യങ്ങളില്‍ നിന്ന് വന്ദേഭാരത് നിര്‍ത്തലാക്കി; ദുബായിയില്‍ കുടുങ്ങി മലയാളികള്‍

ckmnews

സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. കുവൈറ്റിലേക്ക് ജനുവരി ഒന്നുവരെയും സൗദി, ഒമാന്‍ എന്നിവടങ്ങളിലേക്ക് ഒരാഴ്ചത്തേക്കുമാണ് കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ അടച്ചത്. സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി യു എ ഇ വിമാനക്കമ്ബനികള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശനവിലക്കുളളതിനാല്‍ ഒട്ടേറെ മലയാളികളാണ് യു എ ഇയില്‍ 14 ദിവസം തങ്ങിയശേഷം ഇരുരാജ്യങ്ങളിലേക്കും പോകാനായി ദുബായിലുളളത്. ഇവര്‍ യു എ ഇ സന്ദര്‍ശക വിസ പുതുക്കുകയോ ഇന്ത്യയിലേക്ക് മടങ്ങുകയോ ചെയ്യേണ്ട സാഹചര്യമാണുളളത്.

അതേസമയം, വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച്‌ പഠനം നടത്തുന്നുണ്ടെന്നും ഗുരുതരമല്ലെന്നാണ് സൂചനയെന്നും സൗദി ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു. സൗദിയില്‍ എവിടെയും ജനിതകമാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. യു എ ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ പുതിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ലോക്ഡൗണുമായി ബന്ധപ്പട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് യു എ ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി