26 April 2024 Friday

ഞാന്‍ സ്പ്രിങ്മാനോ ബ്ലാക്ക്മാനോ അല്ല ദയവായി ഫോട്ടോ പ്രചരിപ്പിക്കരുത്:വടംവലി താരം

ckmnews


ചങ്ങരംകുളം:രാത്രികളിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യനെ തേടിയുള്ള ഓട്ടത്തിലാണ് നാട്ടുകാരും പോലീസും. എന്നാൽ അതിനിടെ കുന്നംകുളത്തെ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്ന പേരിൽ ഒരു ഫോട്ടോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഒരു അന്തർദേശീയ വടംവലി താരത്തിന്റെ ചിത്രമാണ് കുന്നംകുളത്തെ സ്പ്രിങ്മാൻ എന്ന പേരിൽ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്നത്.മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശിയായ ബനാത്താണ് സാമൂഹികമാധ്യമങ്ങളിലെ വ്യാജവാർത്ത പടച്ചുവിടുന്നവരുടെ പുതിയ ഇര. എടപ്പാൾ ആഹാ ഫ്രണ്ട്സ് വടംവലി ടീമിലെ താരമായ ബനാത്തിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാൻ,ബ്ലാക്ക്മാൻ തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്നത്. സത്യമറിയാതെ നിരവധിപേർ ഒട്ടേറേ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ വ്യാജസന്ദേശം പങ്കുവെയ്ക്കുകയും ചെയ്തു.തന്റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബനാത്ത് പുല്ലാറ പറയുന്നു. ഏതോ വടംവലി മത്സരത്തിന് മുമ്പ് എടുത്ത ചിത്രമാണിത്. നേരത്തെ പലരും ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാനും ബ്ലാക്ക്മാനുമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സംഭവം കണ്ട് നിരവധി സുഹൃത്തുക്കളാണ് രാവിലെ മുതൽ ഫോണിൽ വിളിക്കുന്നത്. പലരോടും മറുപടി പറഞ്ഞ് മടുത്തു. സംഭവത്തിൽ മഞ്ചേരി പോലീസിൽ പരാതി നൽകും- ബനാത്ത് പ്രതികരിച്ചു.കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് ബനാത്ത്. ഗൾഫ് രാജ്യങ്ങളിലടക്കം വടംവലി മത്സരത്തിൽ പങ്കെടുത്ത ബനാത്ത് വടംവലി പ്രേമികളുടെ ഇഷ്ടതാരവുമാണ്. ബനാത്തിനെതിരായ കുപ്രചരണങ്ങൾക്കെതിരെ വടംവലി പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്