09 May 2024 Thursday

കരിഞ്ഞുണങ്ങി നെൽപാടങ്ങൾ 'നെടുവീർപ്പോടെ കർഷർ കടുത്ത വരൾച്ചയിൽ പൊന്നാനി കോൾ മേഖലയിൽ കരിഞ്ഞുണങ്ങുന്നത് നൂറ് കണക്കിന് ഏക്കർ നെൽപാടങ്ങൾ

ckmnews



ചങ്ങരംകുളം:കരിഞ്ഞുണങ്ങിയ നെൽപാടങ്ങൾ നോക്കി 'നെടുവീർപ്പിടുകയാണ് പൊന്നാനി കോള്‍മേഖലയിലെ നൂറ്  കണക്കിന് വരുന്ന നെല്‍ കര്‍ഷകര്‍.കടുത്ത വരൾച്ചയിൽ തോടുകളും തണ്ണീര്‍ തടങ്ങളും നേരത്തെ തന്നെ വറ്റി വരണ്ടതാണ് കോള്‍മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയത്.ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായി ഇറക്കിയ 200 ഓളം ഏക്കര്‍ വരുന്ന മുണ്ടകന്‍ കൃഷിയാണ് വെള്ളം കിട്ടാതെ ഭൂരിഭാഗവും കരിഞ്ഞുണങ്ങിയത്.


സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോള്‍ മേഖലയില്‍ ഒന്നായ പൊന്നാനി കോൾ മേഖലയിലെ 1500 ഏക്കറോളം വരുന്ന പുഞ്ചക്കര്‍ഷകരും ഇത്തവണ ആശങ്കയിലാണ്.വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഇവിടെ കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലേക്കാണ് നീങ്ങുക.ചൂട് കൂടിയതോടെ പലയിടത്തും വെള്ളം നേരത്തെ വറ്റിയതാണ് പുഞ്ച കര്‍ഷകരെയും ആശങ്കയിലാക്കുന്നത്.ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തും സ്വര്‍ണ്ണം പണയം വച്ചും ലോണെടുത്തും നൂറ് കണക്കിന് കര്‍ഷകരാണ് ഓരോ കോള്‍ മേഖലയിലും കൃഷിയിറക്കുന്നത്.കൃത്യമായ രീതില്‍ കൃഷി മുന്നോട്ട് പോയില്ലെങ്കില്‍ വിളവെടുപ്പിനെ കാര്യമായി ബാധിക്കുകയും ഭീമമായ സാമ്പത്തിക ബാധ്യതയിലേക്ക് കര്‍ഷകരെ എത്തിക്കുകയും ചെയ്യും.കാലം തെറ്റിയ മഴയും,പ്രളയവും,എല്ലാം  കര്‍ഷകരെ പ്രതിസന്ധിയിലാക്കാറുണ്ടെങ്കിലും കടുത്ത ചൂടില്‍ കതിരിടാന്‍ പാകമായ നെല്ലുകള്‍ ഇത്തരത്തില്‍ കരിഞ്ഞുണങ്ങത് ഇത് ആദ്യമാണ്


നെല്‍കര്‍ഷകര്‍ പ്രതിസന്ധികളില്‍ ഉലയുമ്പോഴും അധികൃതരുടെ ഭാഗത്ത്  നിന്ന് വേണ്ടത്ര പരിഗണന കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.പല കര്‍ഷകര്‍ക്കും സബ്സിഡി ഇനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങളുടെ കുടിശ്ശിക വര്‍ഷങ്ങളായി ലഭ്യമായിട്ടില്ല.പമ്പ് ഹൗസുകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തനം തുടങ്ങുകയും മണ്ണടിഞ്ഞ് കൂടി കാട് മൂടി കിടക്കുന്ന ഉള്‍തോടുകള്‍ നവീകരിച്ച് വെള്ളം പമ്പ് ചെയ്ത് ശേഖരിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു പരിതി വരെ കര്‍ഷകരുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്.കോള്‍ മേഖലയില്‍ കൃത്യമായി പഠനം നടത്താതെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വര്‍ഷം തോറും ചിലവഴിക്കുന്നുണ്ട്.സാധാരണ കര്‍ഷകര്‍ക്ക് പലപ്പോഴും ഇതിന്റെയൊന്നും ഗുണഫലങ്ങള്‍ ലഭിക്കാറില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.കാലാവസ്ഥ വ്യതിയാനം മൂലം അല്‍പം വൈകി കൃഷി ആരംഭിച്ച ഇടമുണ്ടകന്‍ കര്‍ഷകരാണ് മൂപ്പ് എത്താതെ കരിഞ്ഞുണങ്ങിയ നെല്ല് കൊയ്തെടുക്കാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലായത്.മൂപ്പെത്തിയ നെല്ല് കൊയ്തെടുത്താലും പകുതി വിളവ് പോലും ലഭിക്കാത്ത അവസ്ഥയിലാണെന്നും കര്‍ഷകര്‍ പറയുന്നു.കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍പാടങ്ങള്‍ നോക്കി കര്‍ഷകര്‍ കണ്ണീര്‍ വാര്‍ക്കുമ്പോഴും കര്‍ഷകര്‍ക്കുള്ള പരിഹാരം ഇപ്പോഴും കടലോളം അകലെയാണ്