09 May 2024 Thursday

നന്നംമുക്ക് കുടുംബാരോഗ്യ കേന്ദ്രം :ബിജെപിയുടെ പൊള്ളയായ വാദങ്ങളെ തള്ളികളയുക; സി പിഐ.എം

ckmnews

നന്നംമുക്ക് കുടുംബാരോഗ്യ കേന്ദ്രം :ബിജെപിയുടെ പൊള്ളയായ വാദങ്ങളെ തള്ളികളയുക; സി പിഐ.എം


ചങ്ങരംകുളം:നാടിൻ്റെ ഒരു പാട് കാലത്തെ സ്വപ്നമായ  മൂക്കുതലയിലെ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ബി.ജെ.പി.യുടെ പ്രതിനിധിയായ വാർഡ് മെമ്പറുടെ ഫോട്ടോ നോട്ടീസിൽ വെച്ചില്ലെന്നും പ്രധാനമന്ത്രി - ആയുഷ് ഭാരത് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്നും ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറി നിൽക്കുമെന്നും പ്രതിഷേധിക്കുമെന്നും നവ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന ബിജെപിയുടെ വാദങ്ങൾക്കാണ് സിപിഎം വാർത്താ സമ്മേളനത്തിലൂടെ മറുപടി പറഞ്ഞത്.



നന്നംമുക്കിലെ സി.പി.ഐ.എം പ്രവർത്തകരുടെയും അന്നത്തെ സി.പി.ഐ.എം ഭരണ സമിതിയുടെയും നിരന്തരമായ ഇടപെടലും സ്വാധീനവും കൊണ്ടാണ് ചുരുങ്ങിയ വിലയിൽ കൂടുംബാരോഗ്യ കേന്ദ്രത്തിന് സ്ഥലം ലഭിച്ചത്.അതിന് നാമേവരും യശശരീരനായ പത്മശ്രീ.പി.ചിത്രൻ നമ്പൂതിരിപ്പാടിനോട് കടപ്പെടേണ്ടവരാണ്.അങ്ങനെ ലഭിച്ച സ്ഥലത്ത് ഇന്നത്തെ ഈ കെട്ടിടത്തിൻ്റെ നിർമ്മാണത്തിണങ്ങുന്ന പ്രൊജക്ട് തയ്യാറാക്കിയത് സ്ഥലം എംഎൽഎ യും സ്പീക്കറുമായിരുന്ന പി.ശ്രീരാമകൃഷ്ണൻ ആയിരുന്നു. കേന്ദ്ര ധനകാര്യ സ്ഥാപനമായ നബാർഡിൽ നിന്നും സംസ്ഥാന സർക്കാറിന് ലഭിക്കുന്ന ലോണിലൂടെ ഫണ്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും സംസ്ഥാന സർക്കാർ നബാർഡിൽ നിന്നും ലോണെടുത്താണ് നന്നംമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് 2 കോടി രൂപ അനുവദിച്ചത്.നാഷണൽ ഹെൽത്ത് മിഷനിലൂടെ സംസ്ഥാനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ലഭ്യമാകേണ്ട വിഹിതവും കൂടാതെ എം.എൽ.എയുടെയും തദ്ദേശ സ്ഥാപനത്തിൻ്റെ വിവിധ ഫണ്ടുകളും ചേർത്താണ് കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായത്


എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് ഉദ്ഘാടന നടപടികൾ മാർച്ച് 7 ന് നടത്താൻ തീരുമാനിച്ചതെന്നും സിപിഎം നേതാക്കൾ പറഞ്ഞു.


ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരണത്തിന് ബി.ജെ.പിയുടെ വാർഡ് മെമ്പറുടെ ഫണ്ട് ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചപ്പോൾ അവർ അതിന് തടസ്സം നിൽക്കുകയാണ് ചെയ്തത്. നോട്ടീസിൽ വാർഡ് മെമ്പറുടെ പേരും ബിജെപിയുടെ മണ്ഡലം പ്രസിഡണ്ടിൻ്റെ പേരും ഉൾപ്പെടുത്തിയിരുന്നു.സ്റ്റാൻഡിങ് കമ്മിറ്റിയുൾപ്പെടെയുള്ളവർ ഈ മാനദണ്ഡപ്രകാരമാണ് നോട്ടിസിൽ ഉൾപ്പെട്ടിട്ടുള്ളത്.പൊതുജനം സത്യം മനസ്സിലാക്കുകയും പൊള്ളയായ ബിജെപിയുടെ വാദങ്ങളെ അവജ്ഞയോടെ തന്നെ തള്ളികളയുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.വി.വി.കുഞ്ഞുമുഹമ്മദ്,എം.അജയഘോഷ്, മിസിരിയ സെയ്ഫുദ്ദീൻ, ഒ.പി. പ്രവീൺ,ഇ.വി.അബ്ദുട്ടി, പി.വി.ഷൺമുഖൻ, ജബ്ബാർ കുറ്റിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു