09 May 2024 Thursday

പേ‍ാക്സേ‍ാ കേസ് ഇരകളുടെ പേരു വെളിപ്പെടുത്തിയാൽ അച്ചടക്ക നടപടി: ഡിജിപി

ckmnews


പാലക്കാട് ∙ പേ‍ാക്സേ‍ാ കേസുകളിലെ ഇരകളുടെ പേരും അവരെ തിരിച്ചറിയുന്ന കാര്യങ്ങളും വെളിപ്പെടുത്തുന്ന പെ‍ാലീസ് ഉദ്യേ‍ാഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്കു തീരുമാനം. കേസിന്റെ പ്രഥമവിവര റിപ്പേ‍ാർട്ടുകൾ (എഫ്ഐആർ) നടപടിക്രമങ്ങളുടെ ഭാഗമായല്ലാതെ പ്രസിദ്ധീകരിക്കുന്നതും വിലക്കി.

അതിക്രമത്തിന് ഇരയാകുന്ന വ്യക്തികളുടെ പേരും അവരെ മനസിലാക്കാൻ സഹായിക്കുന്ന വിവരങ്ങളും വെളിപ്പെടുത്തരുതെന്ന സുപ്രീംകേ‍ാടതിയുടെ ഉത്തരവും നിയമത്തിലെ വ്യവസ്ഥയും ലംഘിക്കപ്പെടുന്നുവന്ന പരാതികളെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ ഈ തീരുമാനം. സുപ്രീംകേ‍ാടതി ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പെ‍ാലീസ് സൂപ്രണ്ടുമാർക്ക് പ്രത്യേക നിർദേശം നൽകി.


ലൈംഗീക അതിക്രമത്തിന് വിധേയമായ വ്യക്തിയുടെ പേര്, അവരെ സൂചിപ്പിക്കുന്ന മറ്റു വസ്തുതകൾ എന്നിവ അച്ചടി, ഇലക്ട്രേ‍ാണിക്സ്, നവമാധ്യമങ്ങളിൽ കൂടി പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകേ‍ാടതി കർശന നിർദേശമുള്ളതായി ഡിജിപി കത്തിൽ വ്യക്തമാക്കുന്നു. ഇര മരിക്കുകയേ‍ാ, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയേ‍ാ ചെയ്യുന്ന ഘട്ടത്തിൽപേ‍ാലും അടുത്ത ബന്ധുവിന്റെ അനുമതിയുണ്ടെങ്കിലും പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.

പേരു വെളിപ്പെടുത്താനുള്ള സാഹചര്യമുണ്ടായാൽ സെഷൻസ് കേ‍ാടതിക്കു മാത്രമാണ് അതിനുള്ള അധികാരം. ഇരകളുടെ പേരു പരാമർശിക്കുന്ന രേഖകൾ പെ‍ാലീസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത് കവറിൽ സൂക്ഷിക്കണം. അന്വേഷണ ഏജൻസികൾ, കേ‍ാടതികൾ എന്നിവിടങ്ങളിൽ നിന്നു പേരു ലഭിച്ചവർ അതു രഹസ്യമായി സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. സുപ്രീംകേ‍ാടതി ഉത്തരവിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കേ‍ാടതി ഇതുസംബന്ധിച്ചു വ്യക്തമായ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ടെങ്കിലും പല രേഖകളിലും ഇരകളുടെ പേര് പരാമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.