09 May 2024 Thursday

പോലീസ് ചമഞ്ഞ് വിദേശത്ത് പോയിരുന്ന പ്രവാസിയുടെ കാർ തടഞ്ഞു വിസയും, ടിക്കറ്റും തട്ടിയെടുത്ത സംഭവം ചാലിശ്ശേരി സ്വദേശി എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ

ckmnews



എരുമപ്പെട്ടി: പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു.ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഒരുവിൻ പുറത്ത് നൗഫൽ (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 27 നാണ് സംഭവം നടന്നത്.


നെടുമ്പാശേരി എയർപോർട്ടിലേക്ക് പോവുകയായിരുന്ന ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദർ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ നൗഫൽ പാഴിയോട്ട് മുറിയിൽ വെച്ച് തടഞ്ഞ് നിർത്തുകയും ഖാദർ കേസിൽ പ്രതിയാണെന്നും പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ് പാസ് പോർട്ടും ടിക്കറ്റും കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ഖാദർ സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിൽ കഴിഞ്ഞ് സെഷൻസ്, ഹൈകോടതികളിൽ മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു. കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് തിങ്കളാഴ്ച എരുമപ്പെട്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.