09 May 2024 Thursday

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും

ckmnews


ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. കലശച്ചടങ്ങുകള്‍ ആരംഭിച്ചാല്‍ ഉത്സവം കഴിയുന്നതുവരെ അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. ചോറൂണ്‍, തുലാഭാരം വഴിപാട് നടത്തുന്നതിന് തടസമില്ല. ചൊവ്വാഴ്ച സന്ധ്യക്ക് ദീപാരാധനക്കുശേഷം കലശ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ച് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന് ക്ഷേത്രം ഊരാളന്‍ മല്ലിശേരി നമ്പൂതിരിപ്പാട് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തും. തുടര്‍ന്ന് മുളയറയില്‍ 10 വെള്ളപ്പാലികയില്‍ നവധാന്യം വിതച്ച് മുളയിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മങ്ങളും ഹോമവും അഭിഷേകവുമാണ്. 19ന് തത്വകലശാഭിഷേകവും 20ന് അതിപ്രധാനമായ സഹസ്രകലശാഭി ഷേകവും ബ്രഹ്‌മകലശാഭിഷേകവും നടക്കും. ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് 21ന് ആനയോട്ടം നടക്കും. ആനയോട്ടത്തില്‍ മുന്നില്‍ ഓടാനുള്ള മൂന്ന് ആനകളെ ബ്രഹ്‌മകലശാഭിഷേകത്തിന് ശേഷം ക്ഷേത്ര നടയില്‍ വച്ച് നറുക്കിട്ട് തെരഞ്ഞെടുക്കുംതെരഞ്ഞെടുക്കും. ആനയോട്ടത്തിനുശേഷം രാത്രി കുംഭത്തിലെ പൂയം നാളില്‍ തന്ത്രി നമ്പൂതിരിപ്പാട് സ്വര്‍ണധ്വജത്തില്‍ കൊടിയേറ്റുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും. മാര്‍ച്ച് ഒന്നിന് ആറാട്ടോടെ കൊടിയിറങ്ങും.