09 May 2024 Thursday

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിക്ക് രാഷ്ട്രീയ അന്ധതയും വികസന വിരോധവും:മുസ്ലിംലീഗ്

ckmnews

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിക്ക് രാഷ്ട്രീയ അന്ധതയും വികസന വിരോധവും:മുസ്ലിംലീഗ്


പെരുമ്പടപ്പ്:വികസന വിരോധവും രാഷ്ട്രീയ അന്ധതയുമാണ്

നിലവിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിയുടെ മുഖമുദ്രയെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് പാലപ്പെട്ടി പുതിയിരുത്തിയിലെ ആയുഷ് ഹോലിസ്റ്റിക് സെന്ററിന്റെ നിർമാണം സ്തംഭിപ്പിച്ച സി.പി.എം നടപടിയെന്ന് പെരുമ്പടപ്പ് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി യോഗം അഭിപ്രാപ്പെട്ടു.വർഷംതോറും ഒരുലക്ഷം രൂപയോളം പഞ്ചായത്ത്‌ ഫണ്ടിൽനിന്നും വാടക നൽകി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ആയുഷ് ഹോളിസ്റ്റിക് സെന്റർ പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ഒരു ഉദാരമതിയിൽനിന്ന് സൗജന്യമായി 12 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിക്കുന്നതിനും തുടർന്ന് ആ സ്ഥലത്ത് ഹോളിസ്റ്റിക് സെന്റർ കെട്ടിടം നിർമ്മിക്കുന്നതിന് ഇ. ടി. മുഹമ്മദ്‌ ബഷീർ എംപി യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30ലക്ഷം രൂപ അനുവദിപ്പിക്കുന്നതിനും നിരന്തരമായ ഇടപെടലുകളും പരിശ്രമങ്ങളും നടത്തിയ മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഷ്‌റഫ്‌ ആലുങ്ങലിന്റെയും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ജനക്ഷേമ പ്രവർത്തനങ്ങളെ അവമതിക്കുന്ന നിലപാടുകളാണ് തുടക്കംമുതൽ പഞ്ചായത്തിലെ സിപിഎം നേതൃത്വം കൈകൊണ്ടിരുന്നത് എന്ന് പൊതുജനങ്ങൾക്ക് അറിവുള്ളതാണ്.കെട്ടിടനിർമാണത്തിന് എംപി ഫണ്ട്‌ അനുവദിക്കപെടുകയും അതിന്റെ സാങ്കേതിക നടപടികൾ പൂർത്തീകരിക്കുന്നതിന് മുമ്പ് പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാവുകയും തുടർന്ന് ഇപ്പോഴത്തെ ഭരണസമിതിയും പ്രസിഡന്റും ചില സിപിഎം നേതാക്കളുടെ ആക്ജ്ഞാനുവർത്തി കളായിമാറിക്കൊണ്ട് ഏറെ ജനോപകാരപ്രദമായ ഈ പദ്ധതിയെ തുരങ്കം വെക്കാൻ തുടക്കം മുതലേ ശ്രമിച്ചുവരികയായിരുന്നു.ഈ ജനവിരുദ്ധ നിലപാടിനെതിരെ പാലപ്പെട്ടി മേഖലയിൽ രൂപം കൊണ്ട സർവകക്ഷി കർമസമിതി ഇക്കാര്യത്തിൽ പ്രത്യക്ഷസമര പരിപാടിയിലേക്ക് നിങ്ങുമെന്ന സ്ഥിതിവന്നപ്പോഴാണ് നിർമ്മാണം ആരംഭിക്കുന്നതിന്   ടെൻഡർ നടപടി പൂർത്തീകരിക്കാൻ ഗ്രാമപഞ്ചായത്ത് തയ്യാറായത്.ഈ പദ്ധതിക്ക്‌ വേണ്ടി നിരന്തരം പരിശ്രമങ്ങൾ നടത്തിയ ജനപ്രതിനിധികളെയും ഫണ്ട്‌ അനുവദിച്ച എംപി യെയും ഒഴിവാക്കി നിർമാണ ഉൽഘാടനം തങ്ങളുടെ പാർട്ടി പരിപാടിയാക്കി മാറ്റാൻ ശ്രമിച്ച സിപിഎം ന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകികൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളും,സിപിഎം, സിപിഐ പ്രവർത്തകർ ഉൾപ്പെടുന്ന പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിൽവെച്ച് ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി. തറക്കല്ലിടൽ നിർവഹിച്ചതിലുണ്ടായ ജാള്യതയെ തുടർന്നാണ് എം.പി. ക്കും മുസ്ലിം ലീഗ് നേതാക്കൾക്കും എതിരെ കള്ളകഥകളും വ്യാജ പരാതികളും മെനഞ്ഞുണ്ടാക്കി പഞ്ചായത്ത്‌ ഭരണാസമിതിയും പ്രസിഡന്റും മുന്നോട്ടുവന്നിരിക്കുന്നത്.തിരശ്ശീലക്ക് പിന്നിലിരുന്ന് ചരടുവലിക്കുന്ന രാഷ്ട്രീയ അന്ധത ബാധിച്ച ചില സിപിഎം നേതാക്കളുടെ കയ്യിലെ കളിപ്പാവകളായി പഞ്ചായത്ത്‌ പ്രസിഡന്റും ഭരണ പക്ഷ മെമ്പർമാരും മാറിയതിന്റെ ഫലമാണ് വ്യാജ പരാതി അവഗണിച്ച പെരുമ്പടപ്പ് പോലീസിനെതിരെയുള്ള ഇപ്പോഴെത്തെ ഈ ഉറഞ്ഞുതുള്ളൽ എന്നും മുസ്ലിം ലീഗ് കമ്മിറ്റി യോഗം വിലയിരുത്തി.മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അന്ധതയും വികസന വിരുദ്ധതയും തിരിച്ചറിയണമെന്നും ജനങ്ങളോട് യുദ്ധംപ്രഖ്യാപിക്കുന്നതരത്തിൽ ഒരു ജനക്ഷേമ പദ്ധതിയുടെ നിർമ്മാണം സ്തംഭനാവസ്ഥയിലാക്കിയ പെരുമ്പടപ്പ് പഞ്ചായത്ത്‌ ഭരണ സമിതിയുടെ ധിക്കാരപരമായ നടപടികൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനായി മുഴുവൻ ജനങ്ങളും കൈകോർക്കണമെന്നും പെരുമ്പടപ്പ് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് യോഗം അഭ്യർത്ഥിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ സുബൈർ കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സിഎം അബു, സി. ഇബ്രാഹിം കുട്ടി മാസ്റ്റർ, സലീം ഗ്ലോബ്, അബ്ദുള്ള കുന്നനയിൽ, ജലീൽ കല്ലയിൽ, ഷാഫി മരാത്തേൽ എന്നിവർ പ്രസംഗിച്ചു.