09 May 2024 Thursday

പ്ളാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തി ആലംകോട് പഞ്ചായത്ത് വിധവയായ വീട്ടമ്മക്ക് 2000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി

ckmnews

പ്ളാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തി ആലംകോട് പഞ്ചായത്ത്


വിധവയായ വീട്ടമ്മക്ക് 2000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി


ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തി തുടങ്ങി.പ്ളാസ്റ്റിക് ഉപയോഗം തീരെ കുറവുള്ളവർക്കും യൂസൈസ് ഫീ നൽകാത്തതിന്റെ പേരിൽ പിഴയീടാക്കുന്നതായി പരാതി ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസം ഇത്തരത്തിൽ വിധവയായ വീട്ടമ്മക്ക് 2000 രൂപ പിഴ ചുമത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.


സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവരും മത്സ്യം ഉൾപ്പെടെ പാത്രങ്ങളിൽ വാങ്ങുന്നവരും പിഴ അടക്കേണ്ട അവസ്ഥയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.നിർബന്ധമായി പാസ്റ്റിക് നൽകണമെന്ന രീതിയിൽ ഹരിതകർമ സേന പ്രവർത്തകർ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി പ്ളാസ്റ്റിക് കണ്ടെത്തി കർമ സേനക്ക് നൽകേണ്ട അവസ്ഥയാണു ഇപ്പോഴുള്ളത്.മാസം തോറും നിർബന്ധമായി നൽകാൻ മതിയായ പ്ലാസ്റ്റിക് ഇല്ലാത്തതിനാൽ മത്സ്യം പാത്രത്തിൽ വാങ്ങുന്നത് നിർത്തി കവർ വാങ്ങാൻ പലരും നിർബദ്ധിതരാവുകയാണെന്നും ഇതിനാൽ കടകളിൽ നിന്ന് സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവർ ഇത് ഒഴിവാക്കി പ്ലാസ്റ്റിക് കവറിൽ തന്നെ സാധശങ്ങൾ വാങ്ങേണ്ട അവസ്ഥയാണെന്നുമാണ് ആക്ഷേപം.ഇത് കൊണ്ട് തന്നെ പലചരക്ക് മത്സ്യം - പച്ചക്കറി കച്ചവടക്കാരും യഥേഷ്ടം നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ നൽകുകയാണെന്നും പരാതികൾ ഉയരുന്നുണ്ട്. പല കുടുംബങ്ങളും ഏറെകുറെ പ്ലാസ്റ്റിക് ഒഴിവാക്കാൻ തയ്യാറാകുമ്പോൾ പഞ്ചായത്തിന്റെ ഇത്തരം നിയമങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ നൽകിയാൽ മതിയെന്നാണ് കർമ സേന പ്രവർത്തകർ പറയുന്നത്.സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ഇത്തരത്തിൽ 2 മാസത്തോളമായി പ്ളാസ്റ്റിക് ഉപയോഗം തീരെ കുറവായ വിധവയായ വീട്ടമ്മക്കാണ് 2000 രൂപപിഴ ചുമത്തിയ നോട്ടിസ് ലഭിച്ചത്. പല കുടുംബങ്ങൾക്കും ഇത്തരത്തിൽ പിഴ ചുമത്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വരുന്നവർക്ക് മതിയായ പരിഗണന നൽകണമെന്നും അല്ലാത്ത പക്ഷം പ്ലാസ്റ്റിക് മാലിന്യ നിർമ്മാജ്ജനം എന്നത് ആഭാസമാവുകയാണെന്നും നാട്ടുകാർ പറയുന്നു.