09 May 2024 Thursday

പൊന്നാനിയില്‍ കോള്‍പാടത്ത് മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന് കതിരിട്ട സംഭവം ഉന്നത ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി,കതിരിട്ട നെല്‍വിത്ത് ശേഖരിച്ചു

ckmnews

പൊന്നാനിയില്‍ കോള്‍പാടത്ത് മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന് കതിരിട്ട സംഭവം


ഉന്നത ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി,കതിരിട്ട നെല്‍വിത്ത് ശേഖരിച്ചു


ചങ്ങരംകുളം:പൊന്നാനി കോള്‍ മേഖലയിലെ കോള്‍പാടത്ത്  മാസങ്ങള്‍ക്ക് മുമ്പ് നെല്ലിന് കതിരിട്ട സംഭവത്തില്‍ ഉന്നത ഉദ്ധ്യോഗസ്ഥര്‍ കോള്‍ മേഖല സന്ദര്‍ശിച്ച് പരിശോധന നടത്തി.വിത്തിന് കലര്‍പ്പുണ്ടെന്ന കര്‍ഷകരുടെ  ആരോപണത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോക്ടര്‍ റോസ് മേരി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കോള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.കല്ലുര്‍മ്മ തുരുത്തുമ്മല്‍ കോള്‍പടവിലും 

നന്നംമുക്ക് നീലയില്‍ കോള്‍ പടവിലും ആയി 

600 ഏക്കറോളം വരുന്ന പുഞ്ചക്കൃഷിയിലാണ് പലരുടെയും നെല്‍കൃഷി നേരത്തെ കതിരിട്ടത്.രണ്ട് മാസം മുമ്പാണ് കര്‍ഷകര്‍ പുഞ്ചക്കൃഷി ആരംഭിച്ചത്.സാധാരണ മൂന്നര മാസം കഴിഞ്ഞ് കതിരിടേണ്ട നെല്ലിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ കതിരിട്ടതാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്.കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് സബ്സിഡി ഇനത്തില്‍ കൃഷിഭവന്‍ മുഖേനെ കര്‍ഷകര്‍ക്ക് ലഭിച്ച വിത്ത് മാറിയതാണ് കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.ഉമ വിത്താണ് സാധാരണ കര്‍ഷകര്‍ക്ക് സബ്സിഡി ഇനത്തില്‍ നല്‍കി വരുന്നത്.നെല്ല് നേരത്തെ കതിരിട്ടത് വിളവിനെ കാര്യമായി ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുമെന്നും ഉയര്‍ത്തിക്കാട്ടി കര്‍ഷകര്‍ കൃഷിഭവന്‍ മുഖേനെ ഉദ്ധ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്നാണ്  ഉദ്ധ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി നേരത്തെ കതിരിട്ട നെല്‍വിത്ത് ശേഖരിക്കുകയും കൃഷി സ്ഥലം പരിശോധിക്കുകയും ചെയ്തത്.ശേഖരിച്ച നെല്ല് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കി കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്ധ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.നന്നംമുക്ക് പഞ്ചായത്ത് കൃഷി ഓഫീസര്‍ വികെ ലമിന,പെരുമ്പടപ്പ് എഡിഎ എംവി വിനയന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു