09 May 2024 Thursday

സ്‌കൂട്ടര്‍ യാത്രികയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

ckmnews

സ്‌കൂട്ടര്‍ യാത്രികയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍


കടങ്ങോട്(തൃശ്ശൂര്‍): രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങിയ വീട്ടമ്മയെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ റോഡില്‍വെച്ച് ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശികളായ അമ്പലത്തുവീട്ടില്‍ അബ്ബാസ് (31), കളൂര്‍ പറമ്പില്‍ വീട്ടില്‍ രജനീഷ് (30), വെള്ളറക്കാട് പള്ളിമേപ്പുറം കുളങ്ങരവളപ്പില്‍ വീട്ടില്‍ ആഷിഫ് (28) എന്നിവരെ എരുമപ്പെട്ടി പോലീസാണ് അറസ്റ്റ് ചെയ്തത്.

എയ്യാല്‍-ആദൂര്‍ റോഡില്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ആക്രമണം നടന്നത്. പാഴിയോട്ടുമുറിയില്‍നിന്ന് മത്തായിപ്പടി, ആദൂര്‍ വഴി എയ്യാലിലേക്ക് പോകുന്നതിനിടെയാണ് മൂന്നുപേര്‍ പിന്തുടര്‍ന്നത്

ആദൂര്‍ പാടത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് വാഹനം തടഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ച് ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപകടം മനസ്സിലാക്കിയ വീട്ടമ്മ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് സ്‌കൂട്ടര്‍ തിരിച്ച് വന്ന വഴി അതിവേഗത്തില്‍ ഓടിച്ച് ആളുകളുള്ള ആദൂര്‍ കവലയിലെത്തി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ എരുമപ്പെട്ടി പോലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. നാട്ടുകാരും പ്രതികളെ പിടികൂടാന്‍ സഹായിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.   അബ്ബാസിനെയും ആഷിഫിനെയും മുന്‍പ് കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് എസ്.ഐ. കെ. അനുദാസ്, എസ്.സി.പി.ഒ.മാരായ മുഹമ്മദ് ഷെരീഷ്, എസ്. സുമേഷ്, സുരേഷ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.