09 May 2024 Thursday

മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ പൂരം നാളെ നടക്കും

ckmnews


ചങ്ങരംകുളം : മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച ആഘോഷിക്കും. പുലർച്ചെ മൂന്നിന് തന്ത്രി കണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമവും മേൽശാന്തി കൊടക്കാട്ട് രാമകൃഷ്‌ണൻ ഇളയതിന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകളും നടക്കും. 7.30 മുതൽ ദാരികവധം പാട്ട്, 9.30 മുതൽ 12 വരെ പറനിറപ്പ്, 12.30 മുതൽ 1.30 വരെ നാദസ്വരം, 2.30-ന് കണ്ണേങ്കാവിൽനിന്ന് മേലേക്കാവിലേക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. മൂന്നുമുതൽ പഞ്ചവാദ്യം, കരിങ്കാളി വരവ്, വിവിധ തരം വരവുകൾ എന്നിവ ഉണ്ടാകും. വൈകുന്നേരം മേളം, ദീപാരാധനയ്ക്കു ശേഷം ഒൻപതുവരെ മൂന്നു കമ്മിറ്റികളുടെ നേതൃത്വത്തിൽ വെടിക്കെട്ട് എന്നിവയുമുണ്ട്.


 *ഗതാഗത നിയന്ത്രണം* 


മൂക്കുതല കണ്ണേങ്കാവ് പൂരത്തിന്റെ ഭാഗമായി ചങ്ങരംകുളം -നരണിപ്പുഴ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.


ഉത്സവത്തോടനുബന്ധിച്ചുള്ള വരവുകൾ കടന്നു പോകുന്നതിനാലാണിത്. ഉച്ചയ്ക്ക് ഒന്നു മുതൽ ഉത്സവത്തിരക്ക് കഴിയുന്നതുവരെയാണ് നിയന്ത്രണം. നരണിപ്പുഴയിലേക്കുള്ള വാഹനയാത്രക്കാർ ചങ്ങരംകുളം നന്നംമുക്ക് വഴിയും നടുവട്ടം അയിലക്കാട് വഴിയും പോകണം.