09 May 2024 Thursday

കുന്നംകുളം ഇനി കൂടുതൽ സുരക്ഷയിൽ ; 18 കാമറകളും രണ്ട് കൺട്രോൾ റൂമുകളും തുറന്നു

ckmnews


കുന്നംകുളം: നഗരനിവാസികളുടെയും പരിസരപ്രദേശത്തെ ജനങ്ങളുടെയും നീണ്ടകാലത്തെ ആവശ്യത്തിന് പരിഹാര മാകുന്നു. കുന്നംകുളം നഗരം ഇനിമുതൽ നഗരസഭയുടെയും പോലീസിന്റെയും സുരക്ഷാ വലയത്തിലായിരിക്കും. നഗരത്തിൽ 16 കാമറകൾ സ്ഥാപിച്ചു. ടി.ടി. ദേവസി ജങ്ഷൻ, മുനിസിപ്പൽ 22 ങ്ഷൻ, ഹെർബർട്ട് റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ എ.എൻ.പി.ആർ. മോഡൽ കാമറകളാണ് സ്‌ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റടക്കം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ആധുനിക കാമറകളാണ് എ.എൻ.പി. ആർ. കാമറകൾ. 


പുതിയ ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിൽ പി.ടി.സെഡ് കാമറയാണ് സ്‌ഥാപിച്ചിട്ടുള്ളത്. രണ്ടു ഭാഗത്തേക്കും തിരിയുന്ന വിധത്തിലുള്ള കാമറയാണിത്. വൈശേരി, വിക്ടറി, ടി.കെ. കൃഷ്ണൻ റോഡ്, തുറക്കുളം മാർക്കറ്റ്, ജവഹർ തിയേറ്റർ, പഴയ ബസ് സ്റ്റാൻഡ്, കാണിപ്പയ്യൂർ, മധുരക്കുളം, ആനായ്ക്കൽ ജങ്ഷൻ, പനങ്ങായി കയറ്റം, ചാട്ടുകുളം എന്നി വിടങ്ങളിൽ ബുള്ളറ്റ് കാമറകളാണ് സ്‌ഥാപിച്ചിട്ടുള്ളത്. ഇതിൽ ടി.കെ. കൃഷ്ണൻ റോഡ്, ജവഹർ തിയേറ്റർ എന്നിവടങ്ങളിൽ രണ്ട് കാമറകളും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മൂന്ന് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിലും നഗരസഭ ഓഫീസിലും ഇതിന്റെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. പോലീസ് സ്‌റ്റേഷനിലെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു .പാലക്കാട് കേന്ദ്രമായുള്ള ഭഗവതി അസോസിയേറ്റ് കമ്പനിയാണ് സുരക്ഷാ കാമറാ സംവിധാനം ഒരുക്കിയത്. നഗരസഭ 15 ലക്ഷം രൂപ ചെലവഴിച്ചാണ് സുരക്ഷാ കാമറകൾ സ്ഥാപിച്ചത്. കുന്നംകുളത്തെ പ്രാദേശിക കേബിൾ നെറ്റവർക്ക് കമ്പനിയായ സിസിടി വിയാണ് കാമറകൾ പ്രവർ ത്തിക്കാനാവശ്യമായ നെറ്റ് കണക്ഷൻ നൽകുന്നത്. കാമറകളുടെ നടത്തിപ്പും അറ്റകുറ്റപ്പണികളും ഒരു വർഷം ഭഗവതി അസോസിയേറ്റ് കമ്പനിയായിരിക്കും ചെയ്യുക. തുടർന്നുള്ള വർഷങ്ങളിൽ നഗരസഭ ടെൻഡർ വിളിച്ച് പുതിയ ധാരണാ പത്രം ഒപ്പുവക്കേണ്ടി വരും. മാലിന്യം വലിച്ചെറിയുന്നവരെയും സാമൂഹ്യദ്രോഹികളെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പുതിയ സംവിധാനം വഴി കഴിയും. എ.സി. മൊയ്‌തീൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് നഗരസഭ കാമറകൾ സ്‌ഥാപിച്ചതെങ്കിലും ഇതിനാവശ്യമായ വിപുലീകരണത്തിന് എം.എൽ.എ. ഫണ്ട് ലഭിച്ചിട്ടില്ല.


അതോടൊപ്പം നിയമം ലംഘിക്കുന്നവരെയും മറ്റ് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും കണ്ടെത്താൻ സി. സി.ടിവി കാമറകൾ പോലീസിനു സഹായകരമാണെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും ഇതിനാവശ്യമായ സാമ്പത്തിക- സാങ്കേതിക സഹായങ്ങൾ ലഭ്യമായിട്ടില്ല. ഭാവിയിൽ നഗരത്തിലെ മറ്റു ഭാഗങ്ങളിലേക്കും കാമറാ സംവിധാനം വിന്യസിപ്പിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.