09 May 2024 Thursday

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാന്‍ പൊളിച്ച ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നില്ല കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ അപകട സാധ്യത കൂടുന്നു

ckmnews

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാന്‍   പൊളിച്ച ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നില്ല


കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ അപകട സാധ്യത കൂടുന്നു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാന്‍   പൊളിച്ച ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്യാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ ചിയ്യാനൂര്‍ പാടത്തും,പന്താവൂര്‍ കാളാച്ചാല്‍ ഭാഗങ്ങളിലുമാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് റോഡരികില്‍ കുഴിയെടുത്തത്.പൈപ്പുകള്‍ സ്ഥാപിച്ച് പലയിടത്തും മണ്ണിട്ട് മൂടിയെങ്കിലും ബാക്കി വന്ന മണ്ണ് റോഡരികില്‍ തന്നെ കുമിഞ്ഞ് കൂടി കിടക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.തിരക്കേറിയ പാതയില്‍  തെരുവ് വിളക്കുകളോ മറ്റു മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് റോഡിന്റെ ദിശ അറിയുന്നതിന് പ്രയാസം സൃഷ്ടിക്കുകയും ദിനം പ്രതി അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.പാതയോരങ്ങള്‍ മുഴുവന്‍ പുല്‍കാടുകളും ഷെഡുകളും കൊണ്ട് നിറഞ്ഞതും മൂലം കാല്‍ നടയാത്രക്കാര്‍ പോലും റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.ജല ജീവന്‍ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ കീഴിള്‍ വലിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പാതയില്‍ പുരോഗമിക്കുന്നത്.റോഡരികില്‍ മണ്ണ് കൂടി കിടക്കുന്നത് ശ്രദ്ധയില്‍ പെടാതെ വാഹനങ്ങള്‍ റോഡരികിലേക്ക് ചേര്‍ത്ത് പിടിച്ചാല്‍ അപകടങ്ങള്‍ക്കും വലിയ ദുരന്തങ്ങള്‍ക്കും  കാരണമാകുന്ന് നാട്ടുകാര്‍ പറയുന്നു.ഏതാനും ദിവസം മുമ്പ് ചങ്ങരംകുളം പന്താവൂരില്‍ ഇത്തരത്തില്‍ റോഡരികില്‍ മണ്ണെടുത്തത് ശ്രദ്ധയില്‍ പെടാതെ വലിയ വാഹനത്തിന് സൈഡ് കൊടുത്ത ബൈക്ക് മറിഞ്ഞ് രണ്ട് യുവതികള്‍ക്ക് പരിക്കേറ്റിരുന്നു.പൈപ്പുകള്‍ സ്ഥാപിക്കുന്നതിനൊപ്പം  റോഡിലെ സുരക്ഷയും ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം