09 May 2024 Thursday

പണയസ്വര്‍ണ്ണം മാറ്റി വെക്കാനെന്ന പേരില്‍ പണം വാങ്ങി ലക്ഷങ്ങളുടെ തട്ടിപ്പ് ചങ്ങരംകുളത്ത് 2 പേരില്‍ നിന്നായി തട്ടിയെടുത്തത് 2.20 ലക്ഷം

ckmnews



ചങ്ങരംകുളം:പണയ സ്വര്‍ണ്ണം മാറ്റി വെക്കാനെന്ന പേരില്‍ സ്വകാര്യ പണമിടപാട്  ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് മുന്‍വശത്താണ്  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പേരില്‍ നിന്ന് 2.20 ലക്ഷം രൂപ കവര്‍ന്നത്.


വ്യാഴാഴ്ച പകല്‍ രണ്ട് മണിയോടെ ചങ്ങരംകുളത്ത് തൃശ്ശൂര്‍ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ആള്‍ ചിറവല്ലൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയം വച്ചിട്ടുണ്ടെന്നും അത് എടുത്ത് തന്നാല്‍ നിങ്ങളുടെ സ്ഥാപനത്തില്‍ പണയം വെക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ആയിരുന്നു.


തുടര്‍ന്ന് ജീവനക്കാരന്‍ സ്വര്‍ണ്ണം എടുക്കുന്നതിന് ആവശ്യമായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൊണ്ട് ചിറവല്ലൂര്‍ റോഡിലെ മറ്റൊരു പണമിടപാട് സ്ഥാപനത്തിന് മുന്നിലെത്തി.


ജീവനക്കാരനെ താഴെ നിര്‍ത്തി തൊട്ടു മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫൈനാന്‍സില്‍ നിന്ന് സ്വര്‍ണ്ണം എടുത്ത് വരാമെന്ന് പറഞ്ഞ് കോണിപ്പടി കയറിപ്പോയ ആളെ കാണാതെ വന്നതോടെ ജീവനക്കാരന്‍ ഫൈനാന്‍സില്‍ എത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജീവനക്കാരന്‍ മനസിലാക്കുന്നത്.


ഈ സ്ഥാപനത്തിന്റെ പുറകില്‍ താഴേക്കിറങ്ങാന്‍ മറ്റൊരു കോണി കൂടി ഉള്ള വിവരം അറിഞ്ഞാണ് ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.


ബുധനാഴ്ചയും ഇതെ സ്ഥാപനത്തിന്റെ പേരില്‍ ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയതായി ജീവനക്കാര്‍ പറഞ്ഞു .ആലപ്പുഴ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ ഒരു ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്.


പുതുതായി ആരംഭിച്ച പണമിടപാട് സ്ഥാപനങ്ങള്‍ കൂടുതല്‍ തുക ഓഫര്‍ ചെയ്ത് ഉപഭോക്താവിനെ സമീപിക്കുന്നത് മുതലെടുത്താണ് സംഘം പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്


സംഭവത്തില്‍ ഇരുവരും നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്