09 May 2024 Thursday

കാളാച്ചാലില്‍ കുപ്പിവെള്ളക്കമ്പനിക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് നമ്പര്‍ നല്‍കിയ സംഭവം പ്രതിഷേധവുമായി നാട്ടുകാര്‍ ഗ്രാമപഞ്ചായത്തിലെത്തി

ckmnews



ചങ്ങരംകുളം:കാളാച്ചാലില്‍ കുപ്പി വെള്ളക്കമ്പനിക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് നമ്പര്‍ നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ ഗ്രാമപഞ്ചായത്തിലെത്തി.രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് കുപ്പിവെള്ള കമ്പനി വരുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി തുടര്‍ന്നതോടെ ജല ചൂഷണ ജാഗ്രതാ സമിതി ഹൈക്കോടതിയെ സമീപിച്ച് നിര്‍മാണം നിര്‍ത്തി വെക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു.എന്നാല്‍ പഞ്ചായത്തിനെ തെറ്റ് ധരിപ്പിച്ച് കമ്പനി ഉടമകള്‍ കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയെന്നും ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടത്തിന് നമ്പര്‍ നല്‍കിയെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നമ്പര്‍ നല്‍കിയതെന്നാണ് സംഭവത്തില്‍ സെക്രട്ടറിയുടെ വിശദീകരണം.ഗ്രാമപഞ്ചായത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കമ്പനി അനുമതി വാങ്ങിയതെന്ന് ബോധ്യം വന്നാല്‍ കമ്പനിക്കെതിരെ നടപടിയുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മുന്നോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ പറഞ്ഞു.കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ കുപ്പി വെള്ള കമ്പനിക്ക് എതിരാണ് ഭരണ സമിതിയെന്നും സംഭവത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഒപ്പം നില്‍കുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.ലീവിലുള്ള പഞ്ചായത്ത് സെക്രട്ടറി തിരികെയെത്തിയാല്‍ ഉടനെ കമ്പനി സന്ദര്‍ശിച്ച് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.ജനങ്ങളെ ചൂഷണം ചെയ്യുന്ന കുപ്പി വെള്ള കമ്പനിക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു