26 April 2024 Friday

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ആശുപത്രി സേവനം പരിഗണനയില്‍; പരിശോധന ഗ്രാമങ്ങളിലേക്കും

ckmnews

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ആശുപത്രി സേവനം പരിഗണനയില്‍; പരിശോധന ഗ്രാമങ്ങളിലേക്കും


തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആശുപത്രി സേവനം നിര്‍ബന്ധമാക്കുന്നുവെന്ന് സംബന്ധിച്ച പ്രചരണങ്ങളില്‍ വിശദീകരണവുമായി മോട്ടോര്‍വാഹന വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ അക്കാര്യം പറയുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വകുപ്പ് പറയുന്നു. 

ഇക്കാര്യത്തില്‍ ഇതുവരെ സംസ്ഥാനത്ത് അത് നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. എത്രയും പെട്ടെന്ന് കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

അതേസമയം സംസ്ഥാന വ്യാപകമായി വാഹന പരിശോധനകള്‍ ശക്തമാക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിക്കുന്നത്. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇനി പരിശോധനകള്‍ വ്യാപകമാക്കും. ലൈസന്‍സ് ഇല്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമാണെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നുമാണ് വകുപ്പ് പറയുന്നത്.

ലൈസന്‍സ്, ഹെല്‍മെറ്റ് തുടങ്ങി നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ല. സേഫ് കേരള എന്ന പ്രോഗ്രാമിന്റെ ഭാഗമായാകും പരിശോധനകളും വ്യാപകമാക്കുക. ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ ക്യാമറകളും മറ്റ് അത്യാധുനിക സംവിധാനങ്ങളുമുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഇനിമുതല്‍ പരിശോധനയുണ്ടാകും. ജനുവരിയോടെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ കൂടി സജ്ജമാകുന്നതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്.