26 April 2024 Friday

ഇരുട്ടടിയായി പച്ചക്കറി വിലക്കയറ്റവും , ഫലം കാണുമോ സർക്കാർ ഇടപെടൽ

ckmnews

കൊച്ചി : പൊതുവിപണിയിൽ പച്ചക്കറി , പഴവർഗങ്ങളുടെ വില കുതിച്ചുയരുന്നു . കൊവിഡ് പ്രതിസന്ധികൾക്കിടെയുള്ള ഈ വിലക്കയറ്റം സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ വിലക്കുറവിൽ പച്ചക്കറി ജനങ്ങളിലേക്കെത്തിക്കാൻ ഹോർട്ടികോർപ്പ് ശ്രമം തുടങ്ങി . ഇന്നലെ മാത്രം 25 ടൺ സവാളയാണ് വിതരണത്തിനായി നാഫെഡ് തിരുവനന്തപുരത്തും കൊച്ചിയിലും എത്തിച്ചിരിക്കുന്നത് . തെക്കൻ ജില്ലകളിൽ ഹോർട്ടികോർപ്പു വഴി ഇത് വിതരണത്തിനായി എത്തിച്ചിട്ടുണ്ട് . വടക്കൻ ജില്ലകളിലേക്കും നാളെ മുതൽ ഒരാൾക്ക് ഒരു കിലോ 45 രൂപ നിരക്കിൽ എന്ന തോതിൽ ഇത് വിതരണത്തിനെത്തിക്കുമെന്നാണ് വിവരം . എന്നാൽ , പൊതുവിപണിയിൽ ഇത് എത്ര കണ്ട് സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല . ഓരോ ജില്ലയിലും ഒന്നോ രണ്ടോ ഹോർട്ടികോർപ്പ് ശാലകൾ മാത്രമാണുള്ളത് .  മാർക്കറ്റുകളിൽ ഇപ്പോഴും 100 രൂപ വരെയൊക്കെയാണ് സവാളയ്ക്ക് വില . പല പച്ചക്കറികളുടെയും വില ഇരട്ടിയോളം വർധിച്ചിട്ടുണ്ട് . ഇതിനൊക്കെ പുറമേ തേയില വിലയിലും വർധന ഉണ്ടായിട്ടുണ്ട് . സവാളയുടെ കാര്യത്തിൽ നാഫെഡ് വഴി ഇടപെട്ടതുപോലെ പച്ചക്കറികളുടെ കാര്യത്തിലും ഇതരസംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യം ഉയരുന്നുണ്ട്