09 May 2024 Thursday

ഗാസയില്‍ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 500 പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

ckmnews


ഗാസയില്‍ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഗാസ സിറ്റിയിലെ അല്‍ അഹ്‍ലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പലസ്തീന്‍ അധികൃതര്‍ പറ‍ഞ്ഞു. ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്ന് പലസ്തീന്‍ ആരോപിച്ചു. ആരോപണം നിഷേധിച്ച ഇസ്രയേല്‍ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിലേക്ക് അയച്ച റോക്കറ്റ് ദിശതെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്ന് വിശദീകരിച്ചു. ദാരുണ സംഭവത്തെ തുടര്‍ന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചു. സംഭവത്തെ ലോകാരോഗ്യ സംഘടനയും കാനഡ, തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത്, സൗദി, ഖത്തര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായി അപലപിച്ചു.