09 May 2024 Thursday

ചങ്ങരംകുളം ടൗണിലെ 4 കോടിയുടെ വികസനം"സർവ്വേ നടപടികൾ ആരംഭിച്ചു

ckmnews


ചങ്ങരംകുളം:പൊന്നാനി എംഎൽഎ പി.നന്ദകുമാറിൻ്റെ ആസ്തി വികസന ഫണ്ട് നാല് കോടി രൂപ ഉപയോഗിച്ച്  നടപ്പിലാക്കുന്ന ചങ്ങരംകുളം ടൗൺ സൗന്ദര്യവൽകരണ പ്രവർത്തിയുടെ ഭാഗമായി താലൂക്ക് സർവ്വേ വിഭാഗം,പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ടൗണിൽ സർവ്വേ നടപടികൾ ആരംഭിച്ചു.ചങ്ങരംകുളം സബീന റോഡ് മുതൽ എസ്. ബി. ഐ ബാങ്ക് വരെ സംസ്ഥാന പാതയിലും,ബസ്സ് സ്റ്റാൻഡ് റോഡ്,നന്നമുക്ക്,എരമംഗലം റോഡ്  എന്നിവിടങ്ങളിലാണ് സർവ്വേ നടന്നത്.നിരവധി സ്ഥാപനങ്ങളാണ് നിലവിൽ ചങ്ങരംകുളം അങ്ങാടിയിൽ നടപ്പാത കയ്യേറി അനധികൃതമായി  കച്ചവടം ചെയ്യുന്നത്.സർവ്വേ പൂർത്തിയാകുന്ന മുറക്ക് സർക്കാർ ഭൂമി കയ്യേറിയ വ്യക്തികൾക്കും,സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകുകയും, കയ്യേറ്റം ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമാകും.കഴിഞ്ഞ ദിവസം എംഎൽഎ യുടെ നേതത്വത്തിൽ ചേർന്ന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിൽ ആക്കിയത്. സർവ്വേ നടപടികൾക്ക് 

താലൂക്ക് സർവേയർ നാരായണൻ കുട്ടി,പൊതുമരാമത്ത് വകുപ്പ് ഓവർസിയർ മുഹമ്മദ് റിയാസ്,ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി ശഹീർ, വാർഡ് മെമ്പർ സി.കെ പ്രകാശൻ, അബ്ദുൽ മജീദ്, വ്യാപാരി വ്യവസായി പ്രതിനിധി പി.പി ഖാലിദ് എന്നിവർ നേതൃത്വം നൽകി.