09 May 2024 Thursday

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ലീഗ് കോൺഗ്രസ്സ് തർക്കം ഭിന്നിപ്പ് പരിഹരിക്കാൻ തീവ്രശ്രമവുമായി യുഡിഎഫ് നേതൃത്വം രംഗത്ത്

ckmnews



ചങ്ങരംകുളം: സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലംകോട് പഞ്ചായത്തിലുണ്ടായ ലീഗ് കോൺഗ്രസ്സ് ഭിന്നത പരിഹരിക്കാൻ തീവ്രശ്രമവുമായി യുഡിഎഫ് നേതൃത്വം രംഗത്ത്.ആലംകോട് പഞ്ചായത്തിൽ കോൺഗ്രസുമായുള്ള ബന്ധം വേർപ്പെടുത്തുകയും വെളിയംകോട് പഞ്ചായത്തിൽ കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിക്കാൻ ലീഗ് നേതൃത്വം തീരുമാനിക്കുകയും ചെയ്തതോടെയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച ആലംകോട് മണ്ഡലം കോൺഗ്രസിനെതിരെ ജില്ലാ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചെങ്കിലും ഇടഞ്ഞ് നിൽക്കുന്ന ലീഗിനെ ഒപ്പം കൂട്ടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.കോൺഗ്രസ്സിലും  ലീഗിലും ഉള്ള ഒരു വിഭാഗം വിട്ടുവീഴ്ചക്ക് വഴങ്ങാത്തതും  നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.സംഭവത്തിൽ കോൺഗ്രസ്സിന്റെ പ്രാദേശിക വികാരം കൂടി കണക്കിലെടുത്തുള്ള പ്രശ്ന പരിഹാരത്തിനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.എന്നാൽ നിലവിലെ കോൺഗ്രസ് ലീഗ് തർക്കം ഇരുകൂട്ടർക്കും രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് ഒരുവിഭാഗം വിലയിരുത്തുന്നത്.പ്രശ്നത്തിന് പരിഹാരമാകുന്നതോടെ മുന്നണി കൂടുതൽ ശക്തമാകുമെന്നും താമസിയാതെ തന്നെ ഇരു കൂട്ടർക്കും ബുദ്ധിമുട്ടില്ലാതെ വിഷയങ്ങൾ പരിഹരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ നേതാക്കൾ അടങ്ങുന്ന നേതൃത്വം പ്രാദേശിക നേതൃത്വങ്ങളുമായി ചർച്ച നടത്തിയിരുന്നു.പ്രശ്നം കൂടുതൽ വശളാക്കാനും നീട്ടി കൊണ്ട് പോവാനും ഇരു കൂട്ടർക്കും താൽപര്യമില്ല എന്നാണ് വിവരം.