09 May 2024 Thursday

ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷത്തിനൊരുങ്ങി

ckmnews

ചങ്ങരംകുളം:പ്രസിദ്ധമായ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 മുതൽ 24 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒക്ടോബർ 15ന് വൈകിയിട്ട് 5 മണിക്ക് മലബാർ ദേവസം ബോർഡ് പ്രസിഡണ്ട് എംആർ മുരളി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.മലബാർ ദേവസ്വം ബോർഡ് മെമ്പർ മാമ്പറ്റ രാധ അധ്യക്ഷത വഹിക്കും.പ്രശസ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് 7.30ന് കലാമണ്ഡലം ആശ അനിലിന്റെ ഓട്ടൻതുള്ളലും നടക്കും.

പ്രസിദ്ധ സംഗീതജ്ഞരായ ചെങ്കോട്ട ഹരിഹര സുബ്രമണ്യം,മാതങ്കി സത്യമൂർത്തി,ബാംഗ്ളൂർ ബ്രദേഴ്സ്,ഡോക്ടർ എൻ.ജെ. നന്ദിനി,ഡോക്ടർ വെള്ളിനേഴി സുബ്രഹ്മണ്യം, ഭരദ്വാജ് സുബ്രഹ്മണ്യം, ഡോക്ടർ  താമരശ്ശേരി ഈശ്വരൻ ഭട്ടതിരി, മീരാ രാംമോഹൻ എന്നിവർ തുടർന്നുള്ള ദിവ സങ്ങളിൽ വൈകീട്ട് 6.30ന് സംഗീതകച്ചേരി അവതരിപ്പിക്കും. 18ന് കലാമണ്ഡലം ഈശ്വര നുണ്ണിയുടെ ചാക്യാർകൂത്ത് നടക്കും.ഒക്ടോബർ 22 സരസ്വതിപൂജയും ഗ്രന്ഥപൂജയും നടക്കും.മഹാനവമി നാളിൽ രാവിലെ 8 മണിക്ക് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും 11മണിക്ക് തിരൂർ രാഗമാലിക മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന സംഗീതാർച്ചനയും 3.30ന് നവാവരണ കീർത്തനാലാപനവും നടക്കും.രാവിലെ 10ന് പ്രത്യേക പാൽപായസനിവേദ്യവും വിപുലമായ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. 24ന് വിജ യദശമി ദിനത്തിൽ രാവിലെ 6.30 മുതൽ ചെറിയ കുട്ടികളെ എഴുത്തിനിരുത്തൽ ആരംഭിക്കും.രാവിലെ 8 മണി മുതൽ രാത്രി 6 മണി വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ നൃത്തവിദ്യാലയങ്ങളുടെ ആഭിമുഖ്യത്തിൽ നൃത്താർച്ചനയും, തിരുവാതിരക്കളിയും ഉണ്ടായിരിക്കും. വൈകീട്ട് 6.30ന് കന്യാകുമാരി ലക്ഷ്മി ഡാൻസ് അക്കാദമിയിലെ കലാകാരികളുടെ പ്രത്യേക നൃത്തപരിപാടിയും നടക്കും.

500ലധികം കലാകാരൻമാർ സംഗീത നൃത്താർച്ചനകൾ അവതരിപ്പിക്കുമെന്നും

ദൂരസ്ഥലങ്ങളിൽ നിന്നും ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും ഉച്ചക്ക് അന്നദാനത്തിനും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും  ഭാരവാഹികൾ പറഞ്ഞു.ദേവസ്വം ചെയർമാൻ വത്സലൻ കെ.പി,ബോർഡ് മെമ്പർമാരായ പി.പി. കൊച്ചുകുട്ടി, ടി.ആനന്ദകുമാർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എൻ. കൃഷ്ണമൂർത്തി,ജനറൽ കൺവീനർ കെ.വി. സേതുമാധവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.