09 May 2024 Thursday

ഐ .എ .എം. ഇ സംസ്ഥാന ശാസ്ത്ര മേളക്കു പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പ്രൗഢമായ തുടക്കം

ckmnews

ചങ്ങരംകുളം : ന്യൂനപക്ഷ വിദ്യാഭ്യാസ രംഗത്തെ 450-ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യൂക്കേഷൻ (ഐ.എ.എം. ഇ ) സംഘടിപ്പിക്കുന്ന സംസ്ഥാന തല ശാസ്ത്ര മേള  "സ്‌റ്റംസോറിക്ക"  മലപ്പുറം  പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ കാമ്പസിൽ തുടക്കമായി.വിദ്യാർത്ഥികളുടെ വൈജ്ഞാനികവും ശാസ്ത്ര -ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര രംഗത്തെ അഭിരുചിയും ഗവേഷണ താൽപര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ശാസ്ത്രം ,സമൂഹം ,പരിസ്ഥിതി എന്ന പശ്ചാത്തലത്തിൽ കൃഷി, ഭക്ഷ്യസുരക്ഷ, ഊർജ്ജ വിഭവങ്ങൾ , ഗണിത വിജ്ഞാനം ,ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങളുടെ ഇടപെടലുകൾ എന്നിവ നിത്യജീവിതത്തിൽ പ്രായോഗികമാക്കുന്നതിന് പ്രാപ്തരാക്കുക എന്ന ഉപ തീമുകളോടെയാണ് മേള നടക്കുന്നത്.

തവനൂർ അഗ്രികൾചറൽ യൂണിവേഴ്സിറ്റി ഡീൻ ഡോ. ജയൻ പി.ആർ ഉദ്ഘാടനം ചെയ്‌തു.ഐ.എ.എം. ഇ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ

ഡോ. പി.കെ അബ്ദുൽ ജബ്ബാർ   മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ സിദ്ധീഖ് മൗലവി, വി പി ശംസുദ്ധീൻ ഹാജി, നൗഷാദ് വയനാട്, മുസ്തഫ സഖാഫി, ടി ഐ ഉണ്ണികൃഷ്ണൻ ,കെ ജി രൂപേഷ്, കെ എം ശരീഫ് ബുഖാരി, എം കെ ഹസൻ നെല്ലിശേരി, പ്രൊ. അനീസ് ഹൈദരി, പി പി നൗഫൽ സഅദി  തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വി.പി.എം ഇസ്ഹാഖ് സ്വാഗതവും വാരിയത്ത് മുഹമ്മദലി നന്ദിയും പറഞ്ഞു. എട്ട് റീജിയണുകളിൽ നിന്നും 22 മത്സര  ഇനങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് മത്സരിക്കാനെത്തിയത്ത്. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്യൂവർ കൺസ്ട്രക്ഷൻ ഇംപ്രവൈസഡ് എക്സ് പരിമെന്റ്സ് തുടങ്ങിയ ഏരിയകളിൽ  ശാസ്ത്രീയ സമീപനം,നവീനത,സാങ്കേതിക ജ്ഞാനം, നിർമ്മാണ പാടവം, സമഗ്രത, ആകർഷകത്വം എന്നിവയാണ് മേളയുടെ മൂല്യനിർണ്ണയോപാധികൾ.ഗവേഷണ തൽപ്പരരായ വിദ്യാർത്ഥികളെ കണ്ടെത്തി തുടർ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കി ശാസ്ത്ര രംഗത്ത് വിദഗ്ദ്ധരെ വാർത്തെടുക്കാനുള്ള പുതിയ തുടർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന്  വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.