09 May 2024 Thursday

ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവം വടക്കെക്കാട് സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി ജുഡീഷ്യൽ കോടതി

ckmnews


ചങ്ങരംകുളം:ബന്ധുവായ യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വടക്കെക്കാട് സ്വദേശിയായ പ്രതിയെ കോടതി

ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.തൃശ്ശൂർ വടക്കേകാട് എടക്കര സ്വദേശി വെട്ടിപ്പുഴക്കൽ അയ്യപ്പന്റെ മകൻ സുനീഷിനെയാണ് മഞ്ചേരി ജുഡീഷ്യൽ കോടതി ശിക്ഷിച്ചത്.2012 മാർച്ച് 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ആലംകോട് താമസിച്ചിരുന്ന ജിഷ എന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി സുനീഷ് കുത്തി പരിക്കേൽപിക്കുകയായിരുന്നു.ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ജിഷ മരണപ്പെടുകയായിരുന്നു.സംഭവത്തിൽ പൊന്നാനി സിഐ ആയിരുന്ന അബ്ദുൽ മുനീർ ആണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.സുനീഷിന്റെ ഭാര്യ സൗമിനി സുനീഷുമായി പിണങ്ങി ബന്ധുവായ ജിഷക്ക് ഒപ്പം താമസിക്കുകയും സുനീഷിനെതിരെ മലപ്പുറം കുടുംബ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു.തനിക്കെതിരെ ഭാര്യയെ കൊണ്ട് കുടുംബ കോടതിൽ കേസ് കൊടുപ്പിച്ചത് ജിഷ ആണെന്ന വിരോധം വച്ചാണ് ആലംകോട് ജിഷ താമസിക്കുന്ന വീട്ടിലെത്തിയ സുനീഷ് കയ്യിൽ കരുതിയ കത്തിയുമായി ജിഷയെ കുത്തി വീഴ്ത്തി രക്ഷപ്പെട്ടത്.കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ ഏതാനും മാസം മുമ്പാണ് അന്വേഷണസംഘം പിടികൂടിയത്.27 സാക്ഷികളെ വിസ്തരിച്ച കേസിൽ 33 രേഖകളും 7 തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജറാക്കി.പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സി വാസു,സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത ഓളക്കാടൻ എന്നിവർ ഹാജറായി.ശിക്ഷ അനുമവിക്കാനായി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും