ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്:ലീഗ് കോൺഗ്രസ് തർക്കം സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വിട്ട് വിഎസ് ജോയ്:കോൺഗ്രസ് സമ്മർദ്ധത്തിൽ

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട ലീഗ് കോൺഗ്രസ് തർക്കം പരിഹരിക്കാൻ ഫോർമുലയുമായി ഡിസിസി പ്രസിഡണ്ട് രംഗത്ത്.യുഡിഎഫ് പാനലിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റും വിപ്പും ഡിസിസി അധ്യക്ഷൻ അഡ്വ വി എസ് ജോയ് പുറത്തിറക്കി.ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ലീഗും കോൺഗ്രസും വെവ്വേറെ തീരുമാനമെടുത്തതോടെയാണ് യുഡിഎഫിനുള്ളിലെ മുന്നണി തർക്കം മറനീക്കി പുറത്ത് വന്നത്.യുഡിഎഫിന്റെ പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും ഇടപെട്ടിട്ടും ഇരു കൂട്ടരും വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല.പ്രശ്നം പഞ്ചായത്തിലേക്കും മണ്ഡലത്തിലേക്കും മുന്നണി ബന്ധം വശളാവുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നതിനിടെയാണ് ഡിസിസിയുടെ ഇടപെടൽ.എന്നാൽ കോൺഗ്രസ്സ് പാർട്ടി പ്രാദേശിക ഘടകത്തിന്റെ വികാരം മാനിക്കാതെയാണ് ഡിസിസി വിപ്പ് ഇറക്കിയതെന്ന നിലപാടിൽ തന്നെയാണ് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ.ഡിസിസിയുടെ നിലപാടിനോട് പ്രതികരിക്കാൻ കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മറ്റിയുടെ തിരക്കിട്ട ചർച്ചകൾ ഇപ്പോഴും നടന്ന് വരികയാണെന്നാണ് സൂചന.എന്നാൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങി കൊടുക്കണ്ട എന്ന നിലപാടിൽ ഉറച്ച് നിൽക്കാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്