09 May 2024 Thursday

ജില്ലാ നേതൃത്വം നടത്തിയ ചർച്ചയും പരാജയം:ചങ്ങരംകുളം സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനതർക്കം പരസ്യ പോരിലേക്ക് ചേരി തിരിഞ്ഞ് മത്സരത്തിനൊരുങ്ങി ലീഗും കോൺഗ്രസ്സും

ckmnews

ജില്ലാ നേതൃത്വം നടത്തിയ ചർച്ചയും പരാജയം:ചങ്ങരംകുളം സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനതർക്കം പരസ്യ പോരിലേക്ക്


ചേരി തിരിഞ്ഞ് മത്സരത്തിനൊരുങ്ങി ലീഗും കോൺഗ്രസ്സും


ചങ്ങരംകുളം: ചങ്ങരംകുളം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ്‌ -മുസ്ലിംലീഗ് തർക്കം മുറുകുന്നു.ഡിസിസി പ്രസിഡണ്ട് ജോയി,ജില്ലാ യുഡിഎഫ് നേതാക്കളായ അഷറഫ് കോക്കൂർ,അജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്ന സമവായ ചർച്ചയും അലസിയതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്.ഇരുവിഭാഗവും വിട്ടുവീഴ്ചക്കില്ലെന്ന സമീപനമാണ് സ്വീകരിക്കുന്നത്.ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ധാരണയിലെത്താതെ വെവ്വേറെ നോമിനേഷൻ നൽകിയതാണ് പ്രശ്നങ്ങൾക്ക്‌ തുടക്കം.നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയ്യതിആയിട്ടും ഇരു പാർട്ടികളും തങ്ങളുടെ പ്രതിനിധികളെ പിൻവലിക്കാതെ വന്നതോടെയാണ് മുന്നണിയിലെ തർക്കം മറനീക്കി പുറത്ത് വന്നത്.യുഡിഫ് ജില്ലാ കൺവീനർ, ജില്ലാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുന്ന മണ്ഡലത്തിൽ മുന്നണിയിലെ തർക്കം പരിഹരിക്കാൻ നേതൃത്വങ്ങൾ ഇടപെട്ട് കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് യോഗം ചേർന്നെങ്കിലും ഇരു പാർട്ടികളും വിട്ടുവീഴ്ചക്ക്‌ തയ്യാറായിട്ടില്ല.ലീഗും കോൺഗ്രസ്സും ചേരി തിരിഞ്ഞുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്.ഇത് പഞ്ചായത്തിലെയും മണ്ഡലത്തിലെയും വരെ യുഡിഎഫ് സംവിധാനങ്ങളിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.പ്രശ്നം രമ്യമായി തീർക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലമാണ് നടക്കാതെ പോകുന്നതെന്നാണ് വിലയിരുത്തൽ.


ആലംകോട് പഞ്ചായത്ത് യുഡിഫ് ഭരണകാലത്ത്  മുസ്ലിം ലീഗ് പ്രധിനിധി  ഷാനവാസ്‌വട്ടത്തൂർ പ്രസിഡന്റ്‌ ആയിരിക്കെ യുഡിഫ് നുള്ളിൽ തർക്കം വരികയും സമവായ ചർച്ചക്കൊടുവിൽ ഒരു വർഷംക്കാലം കോൺഗ്രസ്‌ പ്രതിനിധിയായ സുലൈമാൻ മാന്തടം പ്രസിഡന്റ്‌ ആവുകയും ചെയ്തിരുന്നു.

തുടർന്ന് വന്ന ഭരണ സമിതിയിലും ഇതേ മാതൃക തുടർന്ന് പോന്നു.പ്രസിഡന്റ്‌ സ്ഥാനത്തിൽ ലീഗ് വിട്ടു വീഴ്ച ചെയ്തതിൽ ലീഗ് അണികൾക്ക് ഉണ്ടായ അമർഷം ഒഴിവാക്കാൻ സഹകരണബാങ്കിൽ ഒന്നേകാൽ കൊല്ലം ലീഗിന് പ്രസിഡന്റ്‌ സ്ഥാനം നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു.എന്നാൽ നിലവിൽ പഞ്ചായത്ത് ഭരണം യുഡിഎഫിന്  നഷ്ടമായത്തോടെ നേരത്തെയുള്ള ധാരണകൾക്ക് പ്രസക്തിയില്ലെന്നാണ് കോൺഗ്രസ്‌ പാർട്ടിയുടെ നിലപാട്.ചങ്ങരംകുളം സഹകരണ ബാങ്ക് വിഷയത്തിൽ ഇരു പാർട്ടികളും വിട്ടുവീഴ്ചക്ക്‌ തയ്യാറാവാതെ മുന്നോട്ട് പോകുന്നതിൽ യുഡിഫ് ജില്ലാ നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്.