09 May 2024 Thursday

കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ: ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രം വഷളാവുന്നു

ckmnews


ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. കനേഡിയന്‍ നടപടിയില്‍ തിരിച്ചടിച്ച് ഇന്ത്യയും രംഗത്തെത്തി. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണ്. അഞ്ചുദിവസത്തിനകം ഇന്ത്യ വിട്ടുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.


ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് നടപടി.


നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാര്യം കാനഡയിലെ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കനേഡിയന്‍ നയതന്ത്രപ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടിയെന്നും പ്രസ്താവനയിലുണ്ട്.

കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതായി കനേഡിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയുടെ മറുപടി വന്നത്‌. ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.


2023 ജൂണ്‍ 18-നായിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വിഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


അതേസമയം, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകളും കാനഡ അനിശ്ചിതകാലത്തേക്ക് നിർത്തി. കാനഡയുടെ വ്യാപാരമന്ത്രി മേരി ഇങ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച് നടത്തേണ്ടിയിരുന്ന ചർച്ചകളാണ് മാറ്റിവെച്ചത്.


ഖലിസ്താൻ വിഷയത്തിലുള്ള തർക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് നടപടി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അതൃപ്തിയറിയിച്ചിരുന്നു. ജി-20 വേദിയിൽ ട്രൂഡോ അപമാനിതനായെന്നും ഇതൊഴിവാക്കേണ്ടിയിരുന്നുവെന്നും കാനഡയിലെ പ്രതിപക്ഷം കുറ്റപ്പെടുത്തി. വിമാനം തകരാറിലായതിനെത്തുടർന്ന് ട്രൂഡോയും സംഘവും രണ്ടുദിവസം ദില്ലിയില്‍ കുടുങ്ങുകയും ചെയ്തു. തിരിച്ച് കാനഡയിലെത്തിയപ്പോൾ പാർലമെന്റിലും മാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് രൂക്ഷവിമർശനമേൽക്കേണ്ടിവന്നു.

ഈവർഷംതന്നെ വ്യാപാരക്കരാറിൽ ഏർപ്പെടാൻ ഇരുരാജ്യങ്ങളും നേരത്തേ ധാരണയിലെത്തിയിരുന്നു. ഇതാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.


ജി-20 ഉച്ചകോടിക്കു തൊട്ടുമുമ്പേ വ്യാപാരക്കരാർ ചർച്ച നിർത്തുന്നതായി കാനഡ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി രൂക്ഷപരാമർശങ്ങൾ നടത്തുകയും ചെയ്തതോടെ അകൽച്ച വർധിച്ചു. 13 വർഷംമുമ്പ് 2010-ലാണ് ഇന്ത്യയും കാനഡയും തമ്മിൽ ആദ്യമായി വ്യാപാരക്കരാറിനായുള്ള ചർച്ചകൾ തുടങ്ങിയത്. 2022-ലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും തുടങ്ങിയത്. ഒരു സമഗ്ര സാമ്പത്തികസഹകരണ കരാർ ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്.