09 May 2024 Thursday

സമാധാന ജീവിതത്തിന് ഖുർആൻ നിസ്തുലമായ ദർശനം : വിസ്ഡം ഖുർആൻ സമ്മേളനം

ckmnews

സമാധാന ജീവിതത്തിന് ഖുർആൻ നിസ്തുലമായ ദർശനം : വിസ്ഡം ഖുർആൻ സമ്മേളനം


ചങ്ങരംകുളം:സാമൂഹികവും കുടുംബപരവുമായ ജീവിതത്തിന് സമാധാനം പ്രദാനം ചെയ്യുന്ന ദൈവിക ദർശനമാണ് വിശുദ്ധ ഖുർആൻ എന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു.വ്യക്തി ജീവിതത്തിലെ മന:സംഘർഷങ്ങളിൽ നിന്ന് വിമുക്തി നൽകാൻ ഖുർആനിക സന്ദേശങ്ങൾക്കാകുന്നുണ്ട്.


മാനവിക ഐക്യത്തിന് പ്രധാനം നൽകുന്ന ഖുർആൻ എല്ലാ വിദ്വേഷ ചിന്തകളെയും നിരാകരിക്കുകയാണ്.


ലോകത്ത് വലതു പക്ഷവാദികളും കടുത്ത ഇസ്ലാം വിരോധികളും പോലും ഖുർആൻ നിഷ്പക്ഷ പഠനത്തിന് വിധേയമാക്കിയപ്പോൾ അതിന്റെ അനുയായികളായി മാറി കൊണ്ടിരിക്കുന്നത് മാനവികതയുടെ സന്ദേശമാണ് ഖുർആൻ എന്ന് തെളിയിക്കുന്നുണ്ട്.


അതിനാൽ വിമർശകർ നിഷ്പക്ഷവായനക്ക് ശ്രമിക്കണമെന്നും സ്ത്രീകൾക്ക് സുരക്ഷാ കവചവും അഭിപ്രായ സ്വാതന്ത്ര്യവും വകവെച്ച് കൊടുക്കുന്ന ഖുർആനികാശയങ്ങളെ അടുത്തറിയാൻ ശ്രമിക്കണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു.


 ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം പ്രമുഖ ഖുർആൻ പണ്ഡിതനും  ലജ്നത്തുൽ ബൂഹൂസുൽ ഇസ്ലാമിയ പ്രസിഡണ്ടുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.

 വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു.

  പണ്ഡിതന്മാരായ സഫുവാൻ അൽ ഹികമി, ഹാരിസ് ബിൻ സലീം, അബ്ദുറഹ്മാൻ അൻസാരി പറപ്പൂർ, ഷാഫി സ്വബാഹി, ഫൈസൽ മൗലവി പുതുപ്പറമ്പ്, മുജാഹിദ് ബാലുശ്ശേരി, ഇർഫാൻ ഹബീബ്  എന്നിവർ വിഷയാവതരണം നടത്തി. 

 വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, മുനവ്വർ കോട്ടക്കൽ, അബ്ദുസലീം വാവന്നൂർ, അബ്ദു റസാഖ് ചങ്ങരംകുളം, അസ്ഹർ അബ്ദുറസാഖ്, മുശ്താഖ് അൽ ഹികമി,  എന്നിവർ സംസാരിച്ചു.   സമ്മേളനത്തിന്റെ ഭാഗമായി കുരുന്നു വിദ്യാർഥികൾക്കായി നടത്തിയ' കളി ചങ്ങാടത്തിന്' മുഹ്സിൻ എടപ്പാൾ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഖുർആൻ പഠിതാക്കളും പ്രതിനിധികളും കുടുംബസമേതം സമ്മേളനത്തിൽ പങ്കാളികളായി.