09 May 2024 Thursday

ഒരുപതിറ്റാണ്ടായിമാടപ്രാവുകൾക്ക് അന്നം നൽകി പ്രകാശന്റെ പുണ്യകർമ്മം

ckmnews


കുന്നംകുളം ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കുട്ടൻകുളങ്ങര പ്രകാശൻ  മാടപ്രാവുകൾക്ക് അന്നം നൽകുന്നത് ഒരു പതിറ്റാണ്ട് പിന്നിടുകയാണ്.കഴിഞ്ഞ മൂപ്പത്തി മൂന്ന് വർഷമായി കുന്നംകുളം ബസ്സ്

 സ്റ്റാൻഡിൽ  നിലകടല വറുത്ത് വിൽപന നടത്തുന്ന പ്രകാശൻ മക്കളെ പോലെയാണ് മുപ്പത്തോളം പ്രാവുകൾക്ക് ഭക്ഷണം നൽകി സംതൃപ്തി അടയുന്നത്.കഴിഞ്ഞ പത്ത് വർഷമായി  രാവിലെ 11 ന് കടലവിൽപനക്കായി നാല് വീൽ ചക്രവണ്ടിയുമായി  ജംങഷനിൽ എത്തിയാൽ ശബ്ദം ഉണ്ടാക്കി പ്രാവുകൾ കൂട്ടത്തോടെ പ്രകാശന്റെ മുന്നിലെത്തും.


വീട്ടിൽനിന്ന് വരുമ്പോൾ തന്നെ പ്രാവുകൾക്കുള്ള ഭക്ഷണവും ഭാര്യ മീനാക്ഷി ഭർത്താവിന്റെ കയ്യിൽ  നൽകി വിടും.കച്ചവടത്തിന് മുൻപ് പ്രാവുകൾക്ക് അരിയും , ഗോതമ്പും നൽകി കഴിഞ്ഞാണ് പ്രകാശൻ ജീവിതതാളത്തിന്റെ സ്വന്തം കടല കച്ചവടത്തിലേക്ക് പ്രവേശിക്കുക.മാടി വിളിച്ചാൽ തന്നെ ചിറകടിച്ച് ഇവർ പ്രകാശന്റെ കൈകളിലെത്തും.മനുഷ്യനെക്കാൾ കൂടുതൽ സ്നേഹമാണ് പ്രാവുകൾ നൽകുന്നതെന്ന് പ്രകാശൻ പറഞ്ഞു. പ്രകാശന്റെ കടല കച്ചവടത്തിന് സമീപം  പച്ചക്കറി വിത്തുക്കൾ വിൽപന നടത്തുന്ന ചാലിശേരി പാലഞ്ചേരി വീട്ടിൽ മൊയ്തുണ്ണി യും  , വസ്ത്ര വിൽപന നടത്തുന്ന പട്ടാമ്പി സ്വദേശി കാജ മൊയ്തീനും  മാടപ്രാവുകളുടെ കളിത്തോഴൻമാരാണ്.പ്രകാശനെ പോലെ ഇവരും പറന്നിറങ്ങുന്ന പ്രാവുകൾക്ക് ഭക്ഷണം നൽകാറുണ്ട്.രാവിലെയോടെ എത്തുന്ന  മാടപ്രാവുകൾ വൈകിട്ട് ആറ് കഴിഞ്ഞാൽ  പഴയ ബസ്റ്റ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളിൽ രാവുറങ്ങും.പ്രകാശനുമായുള്ള പ്രാവുകളുടെ ഇടപഴകൽ യാത്രക്കാർക്ക് ഏറെ കൗതുകം നിറഞ്ഞ കാഴ്ചയാണ്.ഇനിയുള്ള കാലവും സൗമ്യസ്വഭാവമുള്ള  മാടപ്രാവുകളെ കൈനീട്ടി വരവേൽക്കാനാണ് പ്രകാശന്റെ തീരുമാനം.