26 April 2024 Friday

ഇന്ന് ലോക സാന്ത്വനദിനം സാന്ത്വനത്തിന്റെ വഴിയില്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ പിന്നിട്ടത് 10 വര്‍ഷം

ckmnews

ഇന്ന് ലോക സാന്ത്വനദിനം


സാന്ത്വനത്തിന്റെ വഴിയില്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ പിന്നിട്ടത് 10 വര്‍ഷം


ചങ്ങരംകുളം:ആലംകോട്, നന്നംമുക്ക്, ഗ്രാമപഞ്ചായത്തുകളിലെ 100 കണക്കിന് വരുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമായ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ സൊസൈറ്റി 10 വര്‍ഷം തികക്കുകയാണ്.ഈ മാസം അവസാനവാരത്തിൽ അതിന്റെ വിജയകരമായ പത്താം വാർഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന പ്രദേശത്തെ ഏറ്റവും വലിയ ജനകീയ കാരുണ്യ കൂട്ടായ്മയുടെ വളര്‍ച്ചയുടെ പിന്നാമ്പുറങ്ങളില്‍ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കഠിനപ്രയ്തനങ്ങളുടെ കഥയുണ്ട്. പ്രദേശത്ത് എടപ്പാൾ സാന്ത്വനം പാലിയേറ്റിവാണ് ആദ്യ കാലങ്ങളില്‍ രോഗികളെ പരിചരിച്ചിരുന്നത്.രോഗികൾ കൂടി വന്നപ്പോൾ ചങ്ങരംകുളത്തും ഒരു പാലിയേറ്റീവ് ക്ലിനിക് വേണമെന്ന് സേവന സന്നദ്ധരായ നാട്ടുകാർ ചിന്തിക്കാൻ തുടങ്ങിയതോടെയാണ് കാരുണ്യം പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പിറവി.സാന്ത്വന വളണ്ടിയറായിരുന്ന ആലംകോട് സ്വദേശിയായ പി അലിയാണ് തന്റെ അവില്‍ മില്‍ക്ക് കടയിലിരുന്ന് ആശയം സഹപ്രവര്‍ത്തകനും സുഹൃത്തുമായ അബ്ദുള്ളക്കുട്ടിയോടെ പങ്ക് വെച്ചത്.തുടര്‍ന്ന് 2010 ഏപ്രില്‍ 16ന് തന്റെ കൂൾബാറിനുമുന്നിലുള്ള എ.വി കോംപ്ലസിൽ വെച്ച് വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് കാരുണ്യം പാലിയേറ്റിവ് കെയർ സൊസൈറ്റി എന്ന കാരുണ്യ പ്രസ്ഥാനത്തിന് രൂപം നല്‍കി.08-09-2010 ന് ജില്ലാ റജിസ്ട്രാർ ഓഫീസിൽ സൊസൈറ്റീസ് റജിസ്‌ട്രേഷൻ ആക്ട് പ്രകാരം കാരുണ്യം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി റജിസ്റ്റർ  ചെയ്തു.02-10-2010 ൽ പ്രഥമ പ്രസിഡണ്ട് വി.മുഹമ്മദുണ്ണി ഹാജിയുടെ കെട്ടിടത്തിലെ ഒരു മുറിയിൽ ക്ലിനിക്കിന്റെ  പ്രവർത്തനവും തുടങ്ങി.എടപ്പാൾ സാന്ത്വനത്തിന്റെ സഹകരണത്തോടെ ഗൃഹ കേന്ദ്രീകൃത പരിചരണം ആരംഭിച്ചെങ്കിലും അന്ന് 28 ക്യാൻസർ രോഗികൾ മാത്രമാണ് കാരുണ്യത്തിന്റെ പരിചരണത്തില്‍ ഉണ്ടായിരുന്നത്.ചങ്ങരംകുളം പഞ്ചമി ജ്വല്ലറി ഉടമകള്‍ സംഭാവനയായി നല്‍കിയ മാരുതി ഒമിനി വാൻ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി.പിന്നീട് സ്വന്തമായി സ്റ്റാഫുകളെ നിയമിച്ച് ഹോം കെയർ സംവിധാനം വിപുലീകരിച്ചു.ചങ്ങരംകുളത്തെ പൗര പ്രമുഖനായ ഡോ:സർ കെ. വി. കൃഷ്ണൻ തന്റെ പിതാവ് തൊഴുക്കാട്ട് പങ്ങു ആശാന്റെ സ്മരണക്കായി 3.77 സെന്റ് സ്ഥലം സംഘടനക്ക് സംഭാവനയായി നൽകിയതോടെ പ്രസ്ഥാനം വിപുലപ്പെടുത്താന്‍ സംഘാടകര്‍ തീരുമാനമെടുത്തു.സുമനസുകളുടെ സഹകരണത്തോടെ സ്വന്തമായി ലഭിച്ച സ്ഥലത്ത് കാരുണ്യത്തിന് ഒരു ആസ്ഥാനം പടുത്തുയര്‍ത്താന്‍ തീരുമാനമായി.അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീർ ശിലാ സ്ഥാപനം നടത്തിയതോടെ പ്രതീക്ഷകള്‍ ഉയര്‍ന്നു.പൊതു ജനങ്ങളുടെ വിഭവ സമാഹരണത്തോടെ കെട്ടിട നിർമ്മാണം തുടങ്ങി. പി. ചിത്രൻ നമ്പൂതിരിപ്പാടാണ് ആദ്യ സംഭാവന നൽകിയത്.എഞ്ചിനീയർ കെ. അനസിന്റെ നേതൃത്വത്തിൽ 2500 സ്‌ക്വയർ ഫീറ്റിൽ പണിപൂർത്തിയാക്കിയ ഇരുനിലകെട്ടിടത്തിന്റെ ഉദ്ഘാടനം 16-05-2015 ന് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.ശ്രീരാമകൃഷ്ണൻ എം.എൽ.എ. ഫാർമസി ഉദ്‌ഘാടനം ചെയ്തു.പരേതനായ അച്ചായത്ത് അൻവറിന്റെ കുടുംബം സംഭാവന നൽകിയ ഫിസിയോ തെറാപ്പി യൂണിറ്റ് മുടങ്ങാതെ ഇപ്പോഴും പ്രവർത്തിച്ചു വരുന്നുണ്ട്. എം.പി. അച്യുതൻ എം.പി യുടെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടു വാഹനങ്ങൾ ആഴ്ചയിൽ 5 ദിവസം ഹോം കെയർ നടത്തി വരുന്നു.എല്ലാ തിങ്കളാഴ്ചയും സൈക്യാട്രിസ്റ്റ്,സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരുടെ ടീം ഒ.പി. യും ഹോം കെയറും നടത്തി വരുന്നുണ്ട്. പ്രാദേശിക സാന്ത്വന കൂട്ടായ്മകൾ, വയോജന കൂട്ടായ്മ,വിദ്യാർത്ഥി കൂട്ടായ്മയായ 'ചിറക്', മാനസിക രോഗികളുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ 'പുഞ്ചിരി' കോവിഡ് കാല പരിചരണത്തിന് റാപ്പിഡ് റെസ്പോൺസ് ടീം എന്നീ പോഷക ഘടകങ്ങളും ഇന്ന് കാരുണ്യം എന്ന ഈ മഹാപ്രസ്ഥാനത്തിന് കീഴില്‍ പ്രവർത്തിച്ചു വരുന്നു.റിട്ട: ഡെപ്പ്യൂട്ടി കലക്ടർ പി.പി.എം അഷറഫ് പ്രസിഡണ്ടും.സാമൂഹ്യ പ്രവർത്തകനായ പി.കെ.അബ്ദുള്ളകുട്ടി ജനറൽ സെക്രട്ടറി യുമായ 17 അംഗ ഭരണ സമിതിയും വി.മുഹമ്മദുണ്ണി ഹാജി ചെയർമാനായ 15 അംഗ ഉപദേശക സമിതിയും ആണ് ഇന്ന് സംഘടനയെ നയിക്കുന്നത്.ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, നഴ്സുമാർ ഉൾപ്പടെ 8 ജീവനക്കാരും 43 സന്നദ്ധ വളണ്ടിയർമാരുമുണ്ട്.ഇപ്പോൾ 410 സ്ഥിരം രോഗികളെ പരിചരിച്ചു വരുന്നു. (ക്യാൻസർ, കിഡ്‌നി, പക്ഷാഘാതം, അപകടം, പാരാപ്ലീജിയ, ക്ഷയം, വാർദ്ധക്യം) - രോഗികൾക്കാവശ്യമായ കട്ടൽ, വീൽചെയർ, എയർബെഡ്, ഓക്സിജൻസിലിണ്ടർ, ഓക്സിജൻ കോൺസെൻട്രേറ്റർ, വാക്കർ എന്നീ ഉപകരണങ്ങളും സംഘടന നൽകി വരുന്നുണ്ട്.നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യമായ മരുന്നുകളും അരിയും രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.ഓട്ടിസം ബാധിച്ച ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിന് മാന്തടം ആര്യങ്കാവ് താഴത്ത് പരേതനായ അച്ചായത്ത് കെ.പി. ആലിസാഹിബിന്റെ കുടുംബം 15 സെന്റ് സ്ഥലം സംഭാവന നൽകിയിട്ടുണ്ട്.നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് സർക്കാർ അനുമതിക്കായി  കാത്തിരിക്കുകയാണ് സംഘാടകര്‍.